കോതമംഗലം: വിവിധ ബഡ്ജറ്റുകളിലായി 380 കോടി രൂപ അനുവദിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽ പാത നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രവും – സംസ്ഥാനവും തുല്യമായി പദ്ധതി ചെലവ് വഹിക്കണമെന്നുള്ള റെയിവേ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കൈക്കൊണ്ടിട്ടുള്ള തുടർ നടപടി സംബന്ധിച്ചും, പ്രസ്തുത റെയിൽ പാത നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ കോതമംഗലം മണ്ഡലത്തിലുൾപ്പെടെ നൂറ് കണക്കിന് ആളുകൾ ഭൂമിയുടെ ക്രയ വിക്രയം നടത്തുവാൻ കഴിയാതെ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത വിഷയം ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത്.
അങ്കമാലി-ശബരി റെയിൽ പദ്ധതി 1997-98 റെയിൽവേ ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചതെന്നും 517 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പ്രസ്തുത പദ്ധതിയുടെ പുതുക്കിയ ചെലവ് 2815 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വിലയിൽ ഉണ്ടായിട്ടുള്ള ഭീമമായ വർദ്ധനവ് കണക്കിലെടുത്ത് ഭൂമി സൗജന്യമായി വിട്ടു തരുന്നതിനുള്ള സന്നധതയും നിർമ്മാണ ചെലവിന്റെ 50% ഏറ്റെടുക്കുന്നതിനുള്ള സമ്മതവും സംസ്ഥാന സർക്കാർ അറിയിക്കുന്ന മുറയ്ക്ക് ഈ പദ്ധതി ഏറ്റെടുക്കുന്നതാണെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെന്നും, എന്നാൽ പ്രധാന മന്ത്രിയുടെ പ്രഗതി സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ മുഴുവൻ ചെലവും റെയിൽവേ വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതായും,ഈ പദ്ധതി ആവിഷ്കരിച്ച സമയത്തോ പ്രഖ്യാപന സമയത്തോ പദ്ധതി വിഹിതത്തിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കണമെന്നോ ഉള്ള നിർദേശങ്ങൾ ഇല്ലായിരുന്നെന്നും ബഹു:മന്ത്രി പറഞ്ഞു.
പാതയുടെ പരിപാലനത്തിനും നടത്തിപ്പിനും ആവശ്യമായ തുകയിൽ നിന്നും അധികരിച്ച് ലഭിക്കുന്ന വരുമാനം സംസ്ഥാനവും റെയിൽവേ മന്ത്രാലയും ആനുപാതികമായി പങ്കിടുന്നതാണെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെന്നും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി 416 ഹെക്ടർ ഭൂമിയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഇതിനായി റവന്യൂ വകുപ്പ് രണ്ട് സ്പെഷ്യൽ തഹസിൽദാർമാർ ഉൾപ്പെട്ട രണ്ട് ഭൂമി ഏറ്റെടുക്കൽ യൂണീറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഇതിൽ കാലടി വരെയുള്ള 24.4 ഹെക്ടർ ഭൂമി ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, എറണാകുളം ജില്ലയിൽ ആകെ 131.6348 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുവാനുള്ളതെന്നും, കോട്ടയം ജില്ലയിൽ അങ്കമാലി-ശബരി റെയിൽ പാതയ്ക്കായി ഭൂമിയൊന്നും ഏറ്റെടുത്തിട്ടില്ലാത്തതാണെന്നും, മീനച്ചിൽ- കാഞ്ഞിരപ്പിള്ളി താലൂക്കുകളിലായി 13 വില്ലേജുകളിലൂടെ കടന്നു പോകുന്ന ഈ ലൈനിന്റെ രാമപുരം-എരുമേലി ഭാഗത്തെ അലൈൻമെന്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, മറ്റു വില്ലേജുകളിൽ ഫൈനൽ ലൊക്കേഷൻ സർവ്വെ നടപടികൾ റയിൽവെ അധികൃതർ സ്വീകരിച്ച് വരുന്നതായും,അങ്കമാലി-ശബരി പദ്ധതി ചെലവിന്റെ 50% സംസ്ഥാനം വഹിക്കുന്നത് സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും റെയിൽവേയുടെ ചുമതലയുള്ള ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login