കോതമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുരുന്നുകളും അധ്യാപകരും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ വീട്ടിൽ സന്ദർശിച്ചു ആദരം അർപ്പിച്ചു. നിരവധി നുറുങ്ങ് വിദ്യകളിലൂടെ അധ്യാപനം എങ്ങനെ രസകരമാക്കാമെന്നും ചിത്രകലയെ കുറിച്ചും, കടലാസ് പേപ്പറുകൊണ്ട് കരവിരുതിന്റെ അത്ഭുതലോകം തീർക്കുന്നതിനെ കുറിച്ചും, ചന്ദനത്തിരി നിർമ്മാണ രീതിയെ കുറിച്ചും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികളുമായിട്ടും, അധ്യാപകരുമായിട്ടും അദ്ദേഹം സംവദിച്ചു. 1994 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 1995 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്, 1980 ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള ആകാശവാണിയുടെ പുരസ്കാരവും നേടിയിട്ടുള്ള മാതൃക അധ്യാപകൻ ആണ് കുഞ്ഞു സാർ എന്ന് വിളിപ്പേരുള്ള സി. കെ അലക്സാണ്ടർ.
കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനായിരുന്ന അദ്ദേഹം തന്റെ ബുൾ ബുൾ വാദ്യോപകരണം വായിച്ചു വിദ്യാർഥികൾക്ക് പുത്തൻ സംഗീത അറിവ് സമ്മാനിച്ചു. വിദ്യാർത്ഥികൾ പൊന്നാടയും, തങ്ങളുടെ സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ ചെടികളുടെ പൂക്കളും നൽകി അദ്ദേഹത്തെ ആദരിച്ചു. ചേലാട് ചെങ്ങമനാട് സി. കെ അലക്സാണ്ടർ അധ്യാപനത്തിലും ജീവിതത്തിലും സ്കൂളിലും നാട്ടിലും ഒക്കെ മാതൃക ജീവിതം നയിച്ചു 75 വയസ്സ് പിന്നിടുന്നു. വിദ്യാർത്ഥി കൂട്ടത്തോടൊപ്പം പ്രധാന അധ്യാപിക സിസ്റ്റർ അനുജ, അധ്യാപികമാരായ അനു ജോസ്, ലിന്റ പോൾ, ബോബി ബാബു എന്നിവരാണ് അലക്സാണ്ടർ മാഷിൻറെ വീട്ടിലെത്തി വിദ്യാലയം പ്രതിഭകളിലേക്കു എന്ന പദ്ധതി പ്രാവർത്തികമാക്കിയത്.
You must be logged in to post a comment Login