കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ നാളുകളായി കാര്യക്ഷമമായിരുന്നില്ല. ഇവിടെയുള്ള ഡോക്ടർ കൃത്യമായി ജോലിക്ക് ഹാജറാകാത്തത് മൂലം പ്രസ്തുത മൃഗാശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്നും, ക്ഷീര കർഷകരടക്കമുള്ള നിരവധി ആളുകൾ ഇതുമൂലം വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ഇത്തരത്തിൽ ക്ഷീരകർഷകർ അടക്കമുള്ള ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി കൃത്യമായി ജോലിക്ക് ഹാജരാകുന്ന ഒരു ഡോക്ടറെ ഇവിടെ നിയമിക്കണമെന്നും നവംബർ 11 ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
പ്രസ്തുത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പിണ്ടിമന മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പകരം കൃത്യമായി ജോലിക്ക് ഹാജറാകുന്ന ഡോക്ടറെ നിയമിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുന്നതാണ് എന്ന് ബഹു:മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിക്കുകയും, ഇതേ തുടർന്ന് നവംബർ 13ന് തന്നെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നമ്പർ AHD/8138/2019 D2 ഉത്തരവ് പ്രകാരം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ ശോഭാ ജയറാമിനെ ഇടുക്കി ജില്ലയിലെ സൂര്യനെല്ലി വെറ്റിനറി ഡിസ്പെൻസറിയിലേക്ക് മാറ്റി നിയമിക്കുകയും പകരം കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് DDVCLലെ ഡോക്ടർ മേരി വിജയയെ പിണ്ടിമന സർക്കാർ മ്യഗാശുപത്രിയിലേക്കും നിയമിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.
You must be logged in to post a comment Login