കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബഹു: ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല യോഗം ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ, മുൻ എംഎൽഎ എം വി മാണി, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, സി പി ഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ,വാട്ടർ അതോറിറ്റി ഇറിഗേഷൻ,മൈനർ ഇറിഗേഷൻ,മേജർ ഇറിഗേഷൻ വകുപ്പിലെ ഉന്നത തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി അടക്കമുള്ള പഞ്ചായത്തുകളിലും കോതമംഗലം മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ള ക്ഷാമവും വരൾച്ചയും പരിഹരിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്തിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പെരിയാറിൽ നിന്നും 8 കി മി ദൂരത്തുള്ള കോതമംഗലം പുഴയിലേക്ക് വേനൽക്കാലത്ത് വെള്ളം പമ്പ് ചെയ്ത് ഈ പുഴയിലേക്കുള്ള കേരള വാട്ടർ അതോറിറ്റി പദ്ധതികൾക്ക് ജല ലഭ്യതയും,കുടിവെള്ളവും ഉറപ്പാക്കുവാനും,കാർഷിക രംഗത്ത് ജലലഭ്യതക്കും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. പ്രസ്തുത പദ്ധതിക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദമായ ഡി പി ആർ തയ്യാറാക്കുവാനും ഇതിനു വേണ്ടി മോട്ടർ അടക്കമുള്ള അനുബന്ധ ഉപകരണങ്ങൾക്കായി തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള മറ്റ് അനുബന്ധ ചെലവുകൾ ബന്ധപ്പെട്ട വകുപ്പുകൾ വഹിക്കുമെന്നും യോഗത്തിൽ ധാരണയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login