നേര്യമംഗലം: കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാന ആക്രമണം. നേര്യമംഗലം – പനംകുട്ടി റോഡില്‍ ഓഡിറ്റ് ഫോറില്‍ പൂപ്പാറയില്‍നിന്നു കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘവും,കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് കാട്ടുകൊമ്പന്റെ ആക്രമണം.
പൂപ്പാറ സ്വദേശികളായ മാഞ്ചുതറ ചോലയില്‍ മോഹനനും മകന്‍ മനുവും ഭാര്യയും കൈക്കുഞ്ഞുങ്ങളുമായി കാറില്‍ കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന മോഹനന്റെ ഭാര്യയെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. കാറിന് നേരെയെത്തിയ ആന കാര്‍ റോഡിന്റെ സംരക്ഷണഭിത്തിയിലേക്കു തള്ളി മാറ്റി. കാറില്‍ ഉണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടതോടെ കാട്ടുകൊമ്പന്‍ പിന്മാറി. ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന വെണ്‍മണി സ്വദേശി ജെറി ആനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആന ബൈക്കിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.






















































