കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന്‍ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്‌നാട് വിരുതനഗര്‍ സ്വദേശി വിഘ്‌നേഷ് പ്രഭു (30), നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം പുളിമൂട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ കദീജ (65) എന്നിവരാണ് മരിച്ചത്. നേര്യമംഗലത്ത് ഇന്നലെ രാവിലെ 11.45ന് ചെമ്പന്‍കുഴി ഷാപ്പുംപടിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. വിഘ്‌നേഷ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഊന്നുകല്‍ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കൊച്ചിയില്‍ നിന്ന് പടക്കവും കമ്പിത്തിരിയുമായി ഇടുക്കി ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ്. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
നെല്ലിക്കുഴിയില്‍ ശനിയാഴ്ച രാവിലെ ആറിന് കനാല്‍ പാലത്തിന് സമീപമായിരുന്നു ബൈ ക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ അപകടം. ഗുരുതരമായി പരിക്കേറ്റ കദീജ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. മക്കള്‍: സുബൈദ, സുബൈര്‍. മരുമക്കള്‍: സലീം മിസ്ബാഹി, റഷിദ.
