പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ് .പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻ.എ.ഡി ഭാഗത്ത് താമസിക്കുന്ന ആശിസ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. റോബിൻ ഭായ് എന്ന് അറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോ കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. വീണ്ടും ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വരുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും ആയിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാൾ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ചെമ്പറക്കി , പോഞ്ഞാശ്ശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐ അജിമോൻ, എ. എസ്. ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ എസ്.സി മനോജ് , വർഗീസ് ടി വേണാട്ട് , ടി. എ അഫ്സൽ, ‘ബെന്നി ഐസക് , മുഹമ്മദ് നൗഫൽ, പി.എ ഫസൽ, അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. രണ്ടാഴ്‌ചക്കുള്ളിൽ 25 കിലോയോളം കഞ്ചാവാണ് പെരുമ്പാവൂർ മേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്.
