കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തിയായ കാറ്റില്‍ കോതമംഗലം താലൂക്കില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. പത്ത് കര്‍ഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റില്‍ നിലംപതിച്ചത്. നെല്ലിക്കുഴി പഞ്ചായത്തില്‍ 800 കുലച്ച ഏത്തവാഴയും, 650 കുലയ്ക്കാറായ ഏത്തവാഴയും നഗരസഭ പരിധിയില്‍ കുലച്ച 500 ഏത്തവാഴകളുമാണ് നശിച്ചത്. ഇതില്‍ നെല്ലിക്കുഴി മണലിക്കുടി പൗലോസ് എന്ന കര്‍ഷകന്റെ മാത്രം 400 ഏത്തവാഴകളാണ് കാറ്റില്‍ ഒടിഞ്ഞത്. 16 ലക്ഷംരൂപയുടെ നാശനഷ്ടമാണ് കൃഷിഭവന്‍ അധികൃതര്‍ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
