കൊച്ചി :ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ സജ്ജമാണെന്ന് യോഗം വിലയിരുത്തി. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ നിലനിൽക്കാനുള്ള സാഹചര്യമാണുള്ളത്.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.എല്ലാ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകി.
ഫയര്‍, പോലീസ്, ഗതാഗതം, തദ്ദേശവകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. കേന്ദ്ര ഏജൻസികളായ നേവി, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ് എന്നിവയും രംഗത്തുണ്ട്.വിവിധ സേനാ വിഭാഗങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണ. നിലവിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സബ് കളക്ടര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തണം. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കണം.
നദീതീരങ്ങളില്‍ പോലീസ് പട്രോളിംഗ് ഉണ്ടാകണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി കോ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പറഞ്ഞു.
തീരപ്രദേശങ്ങില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം. അതാത് പഞ്ചായത്തുകള്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള ദുരന്ത പ്രതിരോധ ഉപകരണങ്ങൾ ഏകോപിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ചെല്‍സാ സിനി, സബ് കളക്ടര്‍ കെ.മീര, മുവാറ്റുപുഴ ആർഡിഒ ഷൈജു, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നേവി, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

























































