കോതമംഗലം: ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എ എം ബഷീർ ഇക്കാര്യം അറിയിച്ചത്. നിരവധി പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും ഭൂരഹിതരായ നിരവധി കുടുംബങ്ങളാണ് ഉള്ളത്. ഇവരെ കണ്ടെത്തി ഭൂമി ലഭ്യമാക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.
2020- 21 ൽ 61 കുടുംബങ്ങൾക്കും 2022- 23 ൽ 52 കുടുംബങ്ങൾക്കും 2023 -24 ൽ51 കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി കഴിഞ്ഞു. ഇനിയും നിരവധി കുടുംബങ്ങൾക്ക് ഈ വർഷം ഭൂമി കണ്ടെത്തി കൊടുക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വൈസ് പ്രസിഡണ്ട് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പൽ, അംഗങ്ങളായ ആനീസ് ഫ്രാൻസിസ്, നിസാ മോൾ ഇസ്മയിൽ, ടി കെ കുഞ്ഞുമോൻ, എസ്സ്. സി.ഓഫീസർ എൽദോസ് എന്നിവർ പങ്കെടുത്തു.