കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെയും, ആന്റി നാർക്കോട്ടിക്സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കൊച്ചി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ അസ്സി.ഡയറക്ടർ വേണുഗോപാൽ ജി കുറുപ്പ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്ന് ദുരുപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായിട്ടാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതെന്നും,
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നതെന്നും തന്റെ പ്രഭാഷണത്തിൽ വേണുഗോപാൽ പങ്കുവെച്ചു.
ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്നും, കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകളെന്നും,ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അസ്സി. എക്സൈസ് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ നായർ പി. കെ, എം. എ. കോളേജ് ആന്റി നാർക്കോട്ടിക്സ് സെൽ കോർഡിനേറ്റർ അസ്സി. പ്രൊഫ. സജിൻ പോൾ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എൽദോസ് എ വൈ, ഡോ. ഫെബ കുര്യൻ, സ്റ്റുഡന്റ്‌സ് കൗൺസിലർ മീര എസ് ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.