പെരുമ്പാവൂർ : പെരുമ്പാവൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് പ്രതിക്ഷയേകുന്ന നഗരസഭ കായിക സ്റ്റേഡിയം പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. സംസ്ഥാന ബജറ്റിലേക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ചതിനെ തുടർന്ന് അനുമതി ലഭ്യമായ പദ്ധതിക്ക് 2 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.
പെരുമ്പാവൂർ ഗവ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നത്. അത്യാധുനിക നിലവാരത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ് എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തും. സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിൽ, കേരള അത് ലറ്റിക് അസോസിയേഷൻ, കായിക രംഗത്തെ പ്രഗൽഭരായ പ്രൊഫ പി.ഐ ബാബു, ടി.പി ഔസപ്പ്, രാജു പോൾ, ജിമ്മി ജോസഫ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെയും സേവനം ലഭ്യമാക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
സ്റ്റേഡിയം നിർമ്മിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ യോഗത്തിൽ വിശകലനം ചെയ്തു. സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബോൾ ഗ്രൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സൗകര്യം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.
ഇതോടൊപ്പം കാണികൾക്ക് സൗകര്യപ്രദമായ പവലിയൻ, ശുചിമുറി സൗകര്യം, വ്യായാമ കേന്ദ്രം, ഡ്രസ്സിംഗ് ഏരിയ, വിവിധ കായിക ഇനങ്ങളായ ലോങ്ങ് ജമ്പ്, ഹൈജമ്പ്, പോൾ വാൾട്ട്, ഹാർമർ ത്രോ എന്നിവയ്ക്ക് വേണ്ടി പ്രത്യക പിച്ചുകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയവ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ ഉൾപ്പെടുത്തും.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ പെരുമ്പാവൂർ ഗവ ബോയ്സ് സ്കൂളിൽ നടന്ന പ്രഥമയോഗത്തിൽ പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കൗൺസിലർമാരായ പോൾ പാത്തിക്കൽ, ഷെമി ഷാനവാസ്, പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എ അലിയാർ, പിടിഎ പ്രസിഡൻ്റ് സിദ്ധിഖ് വടക്കൻ, മറ്റ് പിടിഎ ഭാരവാഹികൾ, ഹെഡ്മിസ്ട്രസ്സ് ഷീല എ.എസ് തുടങ്ങിയവർ പങ്കെടുത്തു.