പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന അല്ലപ്ര ഗവ. യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പുതിയ അക്കാദമിക്ക് ബ്ലോക്കിൻെറ ഉദ്ഘാടനം നിർവഹിച്ചു . നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
രണ്ട് വർഷം മുമ്പ് 2022 മാർച്ച് മാസത്തിൽ പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു നീക്കാൻ സാധിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ജീർണ്ണാവസ്ഥയിൽ ആയിരുന്ന പഴയ സ്കൂൾ കെട്ടിടം പൊളിച്ചു നീക്കിയ ഭാഗത്താണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്. 3555 ചതുരശ്രയടി ചുറ്റളവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ 4 ക്ലാസ് മുറികൾ ഉണ്ടാകും. പടിക്കെട്ടുകളും ശുചിമുറികളും കൂടി ഉൾപ്പെടുന്ന കെട്ടിടം ഭിന്നശേഷി സൗഹാർദ്ദപരമായാണ് നിർമ്മിക്കുന്നത്.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 194 വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇതിൽ ജീർണ്ണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കി. കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉൾപ്പെടെ നിലവിൽ 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തുക അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
പൊതു മേഖല സ്ഥാപനമായ കെല്ലി നാണ് കെട്ടിടത്തിൻ്റെ നിർമ്മാണ മേൽനോട്ടം. 6 മാസങ്ങൾ കൊണ്ട് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു നാടിന് സമർപ്പിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് പള്ളിക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷെമിദ ഷെരീഫ് , പഞ്ചായത്ത് മെമ്പർമാരായ പി.പി.എൽദോസ് , വാസന്തി രാജേഷ് ,എം.പി ജോർജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. രമ , ഹെഡ്മിസ്ട്രസ്സ് പ്രീത ആർ, ബി.പി.സി. മീന ജേക്കബ്ബ്, എം.പി. ജോർജ്ജ് , സജീവ് കെ.എ, ആതിര അരുൺ, മഞ്ജു ബിജു, എൽദോ പോൾ, കദീജ കെ.എ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.