പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ 15 ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പദ്ധതി തയ്യാറാക്കിയത്. 3 ലക്ഷം രൂപയാണ് പദ്ധതിക്ക് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചത്. പുസ്തകങ്ങൾക്ക് 35 ശതമാനം ഇളവ് ലഭിക്കും എന്നതിനാൽ ഫലത്തിൽ 4.05 ലക്ഷം രൂപ മൂല്യമുള്ള പുസ്തകങ്ങൾ എല്ലാ ലൈബ്രറികൾക്കും കൂടി ലഭിക്കും.
മേപ്രത്തുപടി ലാലു തോമസ് ലൈബ്രറി, പൂനൂർ വി. ഗോപാലൻ സ്മാരക വായനശാല, കൊമ്പനാട് വായനശാല, ആലാട്ടുചിറ ധന്യ ലൈബ്രറി, കീഴില്ലം ഗ്രമോദ്ധാരണ വായനശാല, മേതല ടാഗോർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി, പുല്ലുവഴി പി.കെ.വി സ്മാരക ലൈബ്രറി, കീഴില്ലം പുലരി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി, പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി, വേങ്ങൂർ പബ്ലിക് ലൈബ്രറി, വെങ്ങോല പ്രൊഫ. ടി.എൻ കേശവപിള്ള സ്മാരക വായനശാല, കീഴില്ലം പുതുയുഗ വായനശാല, പനച്ചിയം ഉദയ പബ്ലിക് ലൈബ്രറി, ആയത്തുപടി യംഗ് മെൻസ് അസോസിയേഷൻ ആൻഡ് റീഡിംഗ് റൂം, അശമന്നൂർ സഹൃദയ വായനശാല എന്നി വായനശാലകൾക്കാണ് പുസ്തകങ്ങൾ അനുവദിച്ചത്. 27000 രൂപയുടെ പുസ്തകങ്ങൾ ഓരോ ലൈബ്രറികൾക്കും ലഭിക്കും.
മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്കും രൂപം നൽകിയിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. പാഠ്യേതര പുസ്തകങ്ങൾ നൽകുന്നതിന് മുൻഗണന നൽകും. പുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാലയങ്ങളുടെ മേലധികാരികൾ എംഎൽഎ ഓഫീസുമായി ബന്ധപ്പെടണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.