കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ, മാനവഹൃത്തിൻ ചില്ലയിലെല്ലാം
മാം പൂക്കൾ വിടരട്ടെ ” എന്ന ഗാനം വേദിയിൽ നിന്നും ഉയർന്നു. മംഗള മൂഹൂർത്തിൽ മുഖ്യ കാർമികനായി പത്‌മശ്രീ കുഞ്ഞോൽ മാഷ് ചിപ്പിയുടെ കഴുത്തിൽ അണിയിക്കാൻ താലിമാല സുധീഷിന് നൽകി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വധുവിന്റെയും വരന്റെയും ബന്ധുമിത്രാദികളുടെ നീണ്ട കരഘോഷത്തിനിടയിൽ സുധീഷ് ചിപ്പിക്ക് മിന്നുകെട്ടി. വ്യത്യസ്തമായ മതത്തിൽ വിശ്വസിക്കുന്ന ഇരുവരും മത ആചാര ചടങ്ങുകൾ നടത്താതെയാണ് വിവാഹിതരായത്.
കോതമംഗലം ചെരുപുറത്ത് അഡ്വ.സി കെ ജോർജിന്റെയും ലതയുടെയും മകൾ ചിപ്പിയുടെയും കോതമംഗലം ഐരാടത്ത് പരേതനായ സുരേന്ദ്രന്റെയും സുമതിയുടെയും മകൻ സുധീഷിന്റെയും വിവാഹമാണ് മതങ്ങളുടെ ആചാരങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞ ബുധനാഴ്ച (04/01/23 ) 11.30 ന് നടത്തിയത്. തികച്ചും ലളിതവും മനോഹരവുമായി നടന്ന വിവാഹത്തിൽ സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലുള്ളവരടക്കം നിരവധി പേർ പങ്കെടുത്തു. കോതമംഗലത്തിന്റെ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച വിവാഹം 1993 ജനുവരി 9 ന് നടന്നിരുന്നു. “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ ” എന്ന ഗാനത്തിന്റെ അകമ്പടിയിൽ അന്നു നടന്ന വിവാഹവും കലാ ഓഡിറ്റോറിയത്തിന്റെ ഇതേ വേദിയിലായിരുന്നു. അന്ന് വിവാഹിതരായത് ബുധനാഴ്ചത്തെ വേദിയിലെ വധുവായ ചിപ്പിയുടെ പിതാവിന്റെയും മാതാവിന്റെയും തമ്മിലുള്ള വിവാഹമായിരുന്നു. അന്നു വിവാഹിതരായ ക്രിസ്ത്യൻ സമുദായത്തിലെ
അഡ്വ.സി കെ ജോർജിന്റെയും ഹിന്ദു സമുദായത്തിൽപ്പെട്ട ലതയുടെയും വിവാഹത്തിന് താലി ചാർത്താൻ കാർമിക നായത് സഖാവ് പി കെ വാസുദേവൻ നായർ ആയിരുന്നു.
1993 ൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ബന്ധുമിത്രാദികളിൽ ഭൂരിപക്ഷം പേരും കഴിഞ്ഞ ദിവസത്തെ ചടങ്ങിലും പങ്കെടുക്കാനെത്തിയത് ചരിത്രമായി. 1984 ലും വിപ്ലവകരമായ വിവാഹം നടന്നിരുന്നു. ആ വിവാഹിതത്തിൽ വധുവായത് അഡ്വ.സി കെ ജോർജിന്റെ സഹോദരിയായ ക്രിസ്ത്യൻ സമുദായത്തിലെ ചിന്നമ്മ യായിരുന്നു. തൃശൂർ സ്വദേശിയായ ഹിന്ദു സമുദായത്തിലെ ഗോപാലകൃഷ്ണനാണ് ചിന്നമ്മക്ക് താലി ചാർത്തിയത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചിന്നമ്മയുടെയും ഗോപാലകൃഷ്ണന്റെയും വിവാഹത്തിനും” മനസ് നന്നാവട്ടെ , മതമേ തെങ്കിലുമാവട്ടെ …. എന്ന ഗാനവും ആലപിച്ചാണ് താലി ചാർത്തിയത്.
തൃശൂരിൽ മംഗള മുഹൂർത്തതിന് സാക്ഷിയാകാൻ ഫാ. വടക്കൻ , ഗുരു നിത്യചൈതന്യയതി, വൈലോപ്പിള്ളി ശ്രീധരമേനോൻ , കുഞ്ഞുണ്ണി മാഷ് , വി വി രാഘവൻ എന്നീ പ്രമുഖരു ണ്ടായിരുന്നു. മതങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് പുറത്ത് കടന്ന് മാതൃകാ ദമ്പതികളാകാൻ പിതാവിന്റെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻ തുടർന്ന് ചിപ്പിയും തായാറായത് ചരിത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ചിപ്പിയുടെയും സുധീഷിന്റെയും വിവാഹത്തിൽ പങ്കെടുത്ത വർ ആശംസകളിൽ രേഖപ്പെടുത്തി. വ്യത്യസ്തമായ വിവാഹ ചടങ്ങ് ഇന്നും എന്നും കോതമംഗലത്തിന്റെയും കേരളത്തിന്റെയും ചരിത്രത്തിൽ ഉണ്ടാകുമെന്നതാണ് സാഹിത്യ – രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ.
പടം: ചിപ്പിയും സുധീഷും പത്മശ്രീ കുഞ്ഞോൽ മാഷിനൊപ്പം