മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീൻ, സ്റ്റേഡിയം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന അൽദീഖ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇവിടെ നിന്നും പഴകിയ അപ്പം, പൊറോട്ട, മീൻ, പകുതി വേവിച്ച ചിക്കൻ, അൽഫാം എന്നിവയാണ് പിടികൂടിയത്.
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത ശരവണ ഹോട്ടലിന് പിഴ ചുമത്തി നോട്ടീസ് നൽകി.
കോട്ടയം ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നഗരസഭ പരിധിയിലെ സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ സ്ഥാപനങ്ങളിലും നൂറ് ശതമാനം ശുദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നത് വരെ നഗരസഭ പരിധിയിൽ പരിശോധന തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ഇ.കെ സഹദേവൻ പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.അഷറഫ്, എം.ലത, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ ഷീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു രാമചന്ദ്രൻ, സുബൈർ റാവുത്തർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.