അശമന്നൂർ : മേതല കോട്ടച്ചിറയിൽ ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായി മണ്ണ് മാഫിയ എത്തി മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ സ്ഥലത്ത് സംഘർഷം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുറെ സമയം മണ്ണെടുപ്പ് നിർത്തി വച്ചെങ്കിലും കൂടുതൽ പോലീസെത്തി നിലവിൽ മണ്ണെടുപ്പ് തുടർന്നു. നാട്ടുകാർ കൂടുതൽ പരാതികളുമായി RDO, മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. നെല്ലിക്കുഴി പഞ്ചായത്തിന്റേയും, അശമന്നൂർ പഞ്ചായത്തിന്റെയും അതിർത്തിയിൽ മുൻപ് വ്യവസായ പാർക്ക് വരുന്നതുമായി ബന്ധപ്പെട്ട വിവാദ ഭൂമിയോട് ചേർന്ന് അശമന്നൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത് .
ഒന്നര ഏക്കറോളം വരുന്ന സ്വകര്യ വ്യക്തിയുടെ ഭൂമിയിൽ 51 സെന്റിനാണ് കട്ടിംഗ് പെർമിറ്റ് നൽകിയിട്ടുള്ളത് എന്നാൽ ലഭിച്ചിരിക്കുന്ന പെർമിറ്റിന് അനുസൃതമായല്ല മണ്ണെടുപ്പ് നടക്കുന്നതെന്ന് ആരോപിച്ചും ഈ പ്രദേശത്ത് ഇനിയും ഫർണ്ണിച്ചർ ഷെഡുകളോ, പ്ലൈവുഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആരംഭിക്കാൻ അനുവധിക്കാൻ കഴിയില്ല എന്ന നിലപാടുമായാണ് നാട്ടുകാർ രംഗത്ത് വന്നിട്ടുള്ളത്. നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നാണ് മണ്ണ് എടുപ്പ് തടഞ്ഞത്. നിരവധി സമയം നാട്ടുകാരും മണ്ണ് മാഫിയക്കാരും പോലീസും തമ്മിൽ വലിയ വാക്കേറ്റവും തർക്കങ്ങളും നടന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വാർഡ് മെമ്പർമാരും ഇടപ്പെട്ട് ജനങ്ങളെ ശാന്തരാക്കുകയായിരിന്നു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സംഘർഷമുണ്ടായിരിന്നു. പരിസരവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊയും നൽകിയിരിന്നു എന്നാൽ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മൊ മറികടന്ന് കോടതിയുടെ അനുമതിയും വാങ്ങിയാണ് ഭൂ ഉടമയും മണ്ണ് മാഫിയ സംഘങ്ങളും പദ്ധതി പ്രദേശത്ത് എത്തിയത്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ NM സലിം, അശമന്നൂർ പഞ്ചായത്തിലെ 8 ആം വാർഡ് മെമ്പർ അജാസ് യൂസഫ്, 9 ആം വാർഡ് മെമ്പർ ജമാൽ എന്നീ ജനപ്രതിനിധികൾ നാട്ടുകാരോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിച്ചെങ്കിലും കോടതി ഉത്തരവ് നടപ്പിലാക്കാതെ തരമില്ല എന്ന നിലപാടിൽ പോലീസ് ഉറച്ച് നിൽക്കുകയും പിന്നീട് മണ്ണെടുപ്പ് തുടരുകയുമാണ് ഉണ്ടായത്. നിലവിൽ പ്രദേശവാസികൾ RDO, മൈനിംഗ് ആന്റ് ജിയോളജി വകുപ്പുകൾക്ക് പരാതി നൽകിയിരിക്കുകയാണ്.