കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം, ഓടക്കാലി,അശമന്നൂർ ഏക്കുന്നം മലയക്കുഴി വീട്ടിൽ നിഷാദ് (38), പെരുമ്പാവൂർ,വെങ്ങോല തണ്ടേക്കാട് കോക്കാടി വീട്ടിൽ ഇസ്മയിൽ (51),ആലുവ,മാറമ്പിള്ളി പള്ളിപ്പുറം നെടിയാൻ വീട്ടിൽ അസീസ് (43) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാനാണെന്ന് പറഞ്ഞ് അർഷാദ് തെക്കേ വെണ്ടുവഴി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഹൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വൈസ് ചെയർമാൻ എന്ന ബോർഡ് വച്ച കാറിൽ ഇയാളോടൊപ്പം മറ്റു മൂന്നുപേരുമുണ്ടായിരുന്നു. അസീസ് എന്നയാളിൽ നിന്നും വീട്ടമ്മയുടെ ഭർത്താവ് കടം വാങ്ങിയ തുക തിരികെ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അർഷാദ്, ഇസ്മയിൽ എന്നിവര്‍ക്കെതിരെ വേറെയും കേസുകളുണ്ട്. ഇത്തരം വ്യാജ ബോർഡുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.