കോതമംഗലം: ആരോരും തുണയില്ലാതെ എഴുപത് വർഷക്കാലം ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. പീസ് വാലി അധികൃതർ സരസ്വതി അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ വിഷമത്തിനിടയിലും മുഖത്ത് സന്തോഷം നിറഞ്ഞു.മരട് നെട്ടൂരിൽ ഇടിഞ്ഞ് വീഴാറായ വീട്ടിൽ അവിവാഹിതരായ സഹോദരിമാരുടെ ജീവിതം ദുസ്സഹമായിരുന്നു. തിരുനെട്ടൂർ കോലോടത്ത് വീട്ടിൽ സരസ്വതി (70) ചന്ദ്രമതി (67) എന്നിവരാണ് ദുരിത ജീവിതം പേറി കഴിഞ്ഞിരുന്നത്. മാധ്യമങ്ങളിലൂടെയാണ് പുറം ലോകം വാർത്തയറിഞ്ഞത് അയൽവാസികൾ വല്ലപ്പോഴും നൽകുന്ന ഭക്ഷണമായിരുന്നു ഇവർ അൽപമെങ്കിലും വിശപ്പടക്കിയിരുന്നത്.തുടയെല്ല് പൊട്ടിയചന്ദ്രമതി പൂർണ്ണമായും കിടപ്പിലാണ് പരസഹായം ഇല്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ.ഇവരുടെ ദുരിത ജീവിതം ശ്രദ്ധയിൽപ്പെട്ട ഫോർട്ട് കൊച്ചി സബ് കളക്ടർ വിഷ്ണു രാജ്ഐ എ എസ് കോതമംഗലം നെല്ലിക്കുഴിയിലുള്ള പീസ് വാലി അധികൃതരുമായി ബന്ധപ്പെടുകയും ഉടൻ തന്നെ പീസ് വാലി അധികൃതർ ഇവരുടെ വീട്ടിൽ എത്തുകയും ഇവർക്ക് വേണ്ട പരിരക്ഷയും അഭയവും നൽകാൻ തീരുമാനിക്കുകയും ചെയ്തു.
ആരോഗ്യസ്ഥിതി മോശമായതിനാൽ ഇവർക്ക് വേണ്ട ചികിത്സ നൽകുവാൻ പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രിയും സജ്ജമാക്കിയിരുന്നു തുടർന്ന് സബ് കളക്ടറുടെ സാന്നിധ്യത്തിൽ പീസ് വാലി ഭാരവാഹികളായ കെ.എം.അജാസ്, അബ്ദുൽ ഷുക്കൂർ, പി.എം.അഷറഫ്, ഷമീർ പി എം, മെഡിക്കൽ ഓഫീസർ ഡോ.ഹെന്ന, നേഴ്സിംഗ് അസിസ്റ്റൻ്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് സഹോദരിമാരെ ഏറ്റെടുത്തത്.പീസ് വാലിക്ക് കീഴിലെ സാമുഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഇവർക്ക് താമസമൊരുക്കുന്നത്.