കോതമംഗലം : നിരന്തര കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളുംചാലില്‍ (തണ്ടായത്തുകുടി) വീട്ടില്‍ രാഹുല്‍ ( മുന്ന 27 ) നെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊലപാതകം, കവര്‍ച്ച മുതലായ കേസുകളിലെ പ്രതിയാണ്. 2018 ല്‍ കോതമംഗലത്ത് ബിനു ചാക്കോയെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാളെ 7 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
കോടതിയില്‍ നിന്നും അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ ഡിസംബറിൽ കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പടെ 46 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 35 പേരെ നാട് കടത്തുകയും ചെയ്തു. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന്‍ എസ്.പി. കെ.കാര്‍ത്തിക് അറിയിച്ചു.