കോതമംഗലം : നെല്ലിക്കുഴി പാഴൂർ മോളത്ത് വ്യവസായ പാർക്കിന് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ അവധി ദിവസങ്ങളിലും കുന്നും മലയും ഇടിച്ച് മണ്ണ് കടത്തിയ ട്രസ്റ്റ് ഉടമകളുടെ രണ്ട് ഇറ്റാച്ചിയും,ടിപ്പറും, ജെ സി ബി യും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഇലാഹിയ ട്രസ്റ്റിന്റെ വിവാദ ഭൂമിയിൽ അവധി ദിവസവും മണ്ണെടുപ്പ് തുടർന്നതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. പഞ്ചായത്ത് നൽകിയ പെർമിറ്റിന് സ്റ്റോപ്പ് മെമ്മൊ നൽകിയിട്ടും നിർമ്മാണം തുടർന്നപ്പോഴാണ് നാട്ടുകാർ ഇടപ്പെട്ട് വാഹനങ്ങൾ തടഞ്ഞ് പോലീസിന് കൈമാറിയത്. റവന്യൂ വകുപ്പിന്റെ കട്ടിംഗ് പെർമിറ്റ് ഇല്ലാതെയാണ് പഞ്ചായത്തിന്റെ ഡെവലപ്പ്മെന്റ് പെർമിറ്റിന്റെ മറവിലാണ് 20 അടിയോളം ഉയരത്തിൽ കുന്ന് ഇടിച്ച് മണ്ണ് കടത്തിയിട്ടുള്ളത്. കോതമംഗലം തഹസിൽദാർ മൂവാറ്റുപ്പുഴ ആർ ഡി ഒ യ്ക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് RDO യുടെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടി.