കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ ഇരമല്ലൂർ വില്ലേജിൽ ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ 5 ഏക്കർ 90 സെന്റ് സ്ഥലത്തേക്ക് വഴി നിഷേധിച്ച് കൊണ്ട് പഞ്ചായത്ത് ഭരണാധികാരികളും റവന്യൂ വകുപ്പും ചേർന്ന് കുത്തക മുതലാളിമാർക്ക് വ്യവസായ കമ്പനികൾ തുടങ്ങാൻ സ്ഥലം പതിച്ചു കൊടുക്കുന്നതായി UDF ആരോപണം. ലൈഫ് ഭവനപദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് വഴി നിഷേധിച്ച് കൊണ്ടുള്ള പഞ്ചായത്തിൻ്റെ നടപടിക്കെതിരെ സ്ഥലം സന്ദർശിച്ച UDF ജനപ്രതിനിധികളും, നേതാക്കളും സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു. ഒന്നാം വാർഡിലെ പാഴൂർ മോളം കോട്ടച്ചിറ പ്രദേശത്ത് 34 ഏക്കറോളം വരുന്ന റബർത്തോട്ടത്തിന് ചേർന്ന് 5 ഏക്കർ 90 സെന്റ് സ്ഥലം കുത്തക സർക്കാർ പാട്ടമായി കിടക്കുന്ന സ്ഥലമാണ് .
2010 – 15 കാലഘട്ടത്തിൽ റവന്യൂ വകുപ്പ് അളന്ന് തിരിച്ച് പഞ്ചായത്തിലുളള ഭൂരഹിതരായിട്ടുള്ളവർക്ക് വിതരണം ചെയ്യാൻ മാറ്റി വെച്ചിരിക്കുന്നതാണ്. ഈ സ്ഥലം ഏറ്റെടുത്ത് ലൈഫ് ഭവന പദ്ധതിയിൽ വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിന് പകരം സ്ഥലത്തിനോട് ചേർന്ന് കിടക്കുന്ന 34 ഏക്കറോളം വരുന്ന സ്ഥലത്ത് വലിയ കമ്പനികൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി കുത്തക വ്യവസായികൾ രംഗത്ത് വരുമ്പോൾ അതിന് ഒത്താശ ചെയ്തു കൊണ്ട് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ടു പോവുകയാണ്. എന്നാൽ ലൈഫ് ഭവനപദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്ന് എത്താനുള്ള വഴി പോലും വാങ്ങാതെയാണ് പഞ്ചായത്ത് അധികാരികൾ വ്യവസായ കുത്തക കമ്പനികൾ കൊണ്ടുവരാനുള്ള പ്രാരംഭ നടപടികൾക്ക് അനുമതി നൻകിയത്.
പ്ലൈവുഡ് കമ്പനികയും അതിനോടനുബന്ധിച്ച് പശ കമ്പനികളും ഉൾപ്പടെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാവുന്ന വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനാണ് പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത് എന്നാണ് UDF ആരോപണം.
ഇതിന് ഒത്താശ ചെയ്ത് കൊണ്ട് പഞ്ചായത്ത് ഭരണ സമിതി പ്രവർത്തിക്കുകയും ലക്ഷങ്ങൾ കോഴ വാങ്ങി പെർമിറ്റ് നൽകിയിരിക്കുകയാണന്ന് UDF നേതാക്കൾ പറഞ്ഞു. പഞ്ചായത്തിൻ്റെ അനാസ്ഥക്ക് എതിരെ വരും ദിവസങ്ങളിൽ UDF ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ, മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ UDF പഞ്ചായത്ത് മെമ്പർമാരായ MV റെജി, നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, ഷഹന ഷെരീഫ് യൂ ഡി എഫ് നേതാക്കളായ PM ഷെമീർ , പരീത് പട്ടമ്മാവുടി, മുഹമ്മദ് കൊളത്താപ്പിള്ളി, അജീബ് ഇരമല്ലൂർ, PA ഷിഹാബ്, KM കുഞ്ഞു ബാവ, ഇബ്രാഹിം എടയാലി, നൗഷാദ് ചിറ്റേത്തുക്കുടി, ഷിനാജ് വെട്ടത്തുക്കുടി, സലിം പേപ്പതി, KP കുഞ്ഞ് എന്നിവരും നിരവധി നാട്ടുകാരും സംഘത്തിനൊപ്പം ഉണ്ടായിരിന്നു.