കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി ഏഷ്യൻഫുട്ബോൾ ഫെഡറേഷന്റെ ഗോൾ കീപ്പിങ് ബി ലൈസൻസ് കരസ്ഥമാക്കി. കേരളത്തിലെ കോളേജ് കായിക അധ്യാപകരിൽ ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയാണ് ഹാരി. നിലവിൽ കേരളത്തിൽ നിന്ന് ഇതിന് മുൻപ് മൂന്ന് ഫുട്ബോൾ പരിശീലകാരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.മുൻ ഇന്ത്യൻ ഇന്റർ നാഷണൽ ഗോൾ കീപ്പറും, ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ കോച്ചുമായ ഫിറോഷ് ഷെരിഫ്, ഗോകുലം കേരള എഫ് സി യുടെ ഗോൾ കീപ്പർ കോച്ച് ഫൈസൽ, ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ കോച്ച് ഹമീദ് എന്നിവരാണ് ആ നേട്ടം കൈവരിച്ചവർ.ഈ കഴിഞ്ഞ ജനുവരിയിൽ കോതമംഗലം എം. എ. കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 28 വർഷങ്ങൾക്ക് ശേഷം എം. ജി. സർവകലാശാല കാല്പന്തുകളിയുടെ രാജാക്കന്മാരായപ്പോൾ എം. ജി. യുടെ സഹ പരിശീലകൻ ആയിരുന്നു ഹാരി ബെന്നി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസ്, ഇന്റർനാഷണൽ പ്രൊഫഷണൽ സ്കൗട്ടിംഗ് ലെവൽ വൺ ലൈസൻസ് എന്നീ പ്രൊഫഷണൽ ലൈസൻസുകളും, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, എം.ഫിൽ എന്നിങ്ങനെ ബിരുദാനന്തര ബിരുദത്തിനുടമയായ ഹാരി ബെന്നി ഫുട്ബോളിൽ എൻ ഐ എസ് ഡിപ്ലോമയും നേടിയിട്ടുണ്ട്.
2013-14 ലെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരകുമ്പോൾ കാലിക്കറ്റിന്റെ സഹ പരിശീലകനായിരുന്നു ഇദ്ദേഹം .2016ലെ സന്തോഷ് ട്രോഫി മത്സരത്തിൽ കേരളയുടെ അസ്സി. കോച്ചായും ഹാരിബെന്നി സേവനമനുഷ്ട്ടിച്ചു. പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമാണ്. വിനിതയാണ് ഭാര്യ. മക്കൾ : ഹെവിൻ, ഹന്ന.