കൊച്ചി : നൃത്തവും, ചിത്രകലയും കൂട്ടിച്ചേർത്ത് കാൽപാദം ഉപയോഗിച്ച് ഒരു മണിക്കൂർ സമയമെടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം ഒരുക്കിയ അശ്വതി കൃഷ്ണ എന്ന കലാകാരി വീണ്ടും മറ്റൊരു വിസ്മയം ഒരുക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടി അന്തരിച്ച കെ. പി എ സി ലളിതയുടെ മുഖചിത്രം പൊട്ടുകളിൽ ഒരുക്കിയാണ് ഇത്തവണ വിസ്മയിപ്പിച്ചിരിക്കുന്നത്.
മൂവായിരത്തിൽ പരം കറുത്ത പൊട്ടുകൾ ഉപയോഗിച്ച് രണ്ടടി വലുപ്പത്തിൽ,5 മണിക്കൂർ സമയം എടുത്തിട്ടാണ് നിയമ വിദ്യാർത്ഥിനിയായ അശ്വതി ഈ ഒരു ചിത്രം ഒരുക്കിയത് . എഴുന്നൂറിലേറെ ചലച്ചിത്രങ്ങളിലും, നിരവധി നാടകങ്ങളിലും നിറഞ്ഞാടിയ മലയാളത്തിന്റെ അഭിനയ പ്രതിഭയായ കെ. പി എ. സി ലളിത ഈ കഴിഞ്ഞ ഫെബ്രുവരി 22 ന് ആണ് വിടപറഞ്ഞത്. പകരം വെക്കാൻ ആവാത്ത ആ അനശ്വര പ്രതിഭക്ക് അശ്വതി കൃഷ്ണയുടെ സ്നേഹാദരമാണ് ഈ ചിത്രം.പൊട്ടുകളിൽ തീർത്ത കെ. പി. എ സി ലളിതയുടെ ചിത്രം ബുധനാഴ്ച വടക്കാഞ്ചേരിയിൽ, ലളിതയുടെ മകൻ സിദ്ധാർത്ത് ഭരതന് അശ്വതി കൃഷ്ണ സമ്മാനിക്കും.
മാള, പൊയ്യ എ ഐ എം ലോ കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥിനിയാണ് അശ്വതി.കൊടുങ്ങല്ലൂർ തിരുവള്ളൂർ മാടവന പുതിയേലത്ത് വീട്ടിൽ ചിത്രകാരനായ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെയും, ശോഭയുടെയും മകളാണ് ഈ കലാകാരി.