- ജെറിൽ ജോസ് കോട്ടപ്പടി
തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ യു.പി.സ്കൂളിലെ പതിനഞ്ചു വിദ്യാർത്ഥികളും മൂന്നു അധ്യാപകരുമാണ് അന്ന് മുങ്ങി മരിച്ചത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് 53 വിദ്യാർഥികളടക്കം 61 പേരായിരുന്നു വന്നത്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്നാണ് ദാരുണമായ അപകടത്തിൽപെട്ടത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ആറു മീറ്ററോളം ആഴമുള്ള ചെട്ടിപ്പള്ളി ഭാഗത്ത് 2007 ഫെബ്രുവരി 20 വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു. പതിനഞ്ച് വിദ്യാർഥികളുടെയും മൂന്ന് അധ്യപകരുടെയും ജീവൻ കവർന്ന തട്ടേക്കാട് ബോട്ടപകടത്തിൽ ബോട്ടിന്റെ ഉടമ പി. എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ആറു പേരെ മാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികം പേരെ കയറ്റിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാൽ പ്രതിക്ക് 5 വർഷം കഠിന തടവിന് കോടതി വിധിക്കുകയും പിന്നീട് മേൽകോടതി രണ്ടുവർഷം ആക്കി ശിക്ഷ ചുരുക്കുകയും ചെയ്തു.
തട്ടേക്കാട് ദുരന്തത്തിന്റെ കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പെരിയാറിൽ ബോട്ട് സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും കൃത്യമായ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്. 15 വർഷം മുൻപ് നടന്ന ദുരന്തത്തിന്റെ നഷ്ടഭാരവുമായി എളവൂർ എന്ന ഗ്രാമവും, ചീറി പായുന്ന ആംബുലൻസുകളുടെ നടുക്കുന്ന ഓർമ്മയിൽ കോതമംഗലവും. രക്തത്തിൽ പിറന്നവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ കണ്ണീരോടെ കാലം തള്ളി നീക്കി കഴിയുന്നു, വിധിയെന്ന ആശ്വാസത്തോടെ.