പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടത് ആയി വരുമ്പോൾ ഭൂമി നഷ്ടമാവുന്ന വ്യക്തികളുടെ യോഗം എംഎൽഎ ഓഫീസിൽ വിളിച്ചു ചേർക്കുകയും, തടസ്സങ്ങൾ ഇല്ലാതെ ഭൂമി ഏറ്റെടുക്കുന്നതിന് പൂർണ്ണ സഹകരണങ്ങൾ പ്രസ്തുത വ്യക്തികൾ എംഎൽഎയെ അറിയിക്കുകയും ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വകുപ്പുതല മന്ത്രിയെയും എംഎൽഎ നേരിട്ട് അറിയിച്ചതിനെ അടിസ്ഥാനത്തിൽ ഭൂമിയേറ്റെടുക്കൽ നടപടികൾക്കുള്ള ഉത്തരവ് വേഗത്തിൽ ആകുന്നതിനു സഹായകമായി.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന് അരികിലായാണ് കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർവ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പാലം വരുന്നത്തോടെ ഏറെ സഹായകരമാകും.
പെരുമ്പാവൂർ അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക യ്ക്ക് ഉള്ള പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും, കാലടി വില്ലേജിൽ 5 സെന്റ് സ്ഥലം ആണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്.
കാലടി പാലത്തിന്റെ ഭരണപരമായ തടസം നീങ്ങിക്കൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് ഇറങ്ങി. എറണാകുളം ജില്ലാ കളക്ടർക്ക് 50 ലക്ഷം രൂപയുടെ കണ്ടിജൻസി ഫണ്ട് വകയിരുത്തി. ഭൂമി ഏറ്റെടുക്കുന്നതിന് ലാൻഡ് അക്യുസിഷൻ ഓഫിസറായി ആലുവ നാഷണൽ ഹൈവേ നമ്പർ 2 തസിൽദാറെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചു നിർമാണം ഉടനെ ആരംഭിക്കാൻ ആകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.