കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെയും കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷ പതത്തിലും പ്രതിഷേധിച്ച് ഈ മാസം പത്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സർക്കാർ ഫണ്ട് ദുർവ്വിനിയോഗിക്കുന്നു എന്നാണ് ആരോപണം. സ്വന്തം വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോർഡ് വെച്ച് ഉപയോഗിക്കുന്നതും സർക്കാർ ശമ്പളം കൊടുക്കുന്ന ഡ്രൈവറെ ഉപയോഗിച്ച് സ്വന്തം വാഹനം ഓടിപ്പിക്കുകയും സ്വന്തം വാഹനത്തിന് സർക്കാർ ഖജനാവിൽ നിന്നും പണം ചിലവഴിച്ച് ഇന്ധനം നിറക്കുകയും ചെയ്യുന്നു എന്നാണ് ബ്ലോക്ക് പ്രസിഡന്റ്റിന് എതിരെയുള്ള ആരോപണം.
ബ്ലോക്ക് പഞ്ചായത്ത് സമിതിയുടെയോ സ്റ്റാൻഡിങ് കമ്മറ്റിയുടെയോ അംഗീകാരമില്ലാതെ പ്രസിഡന്റ് ചട്ട ലംഘനം നടത്തി സ്വന്തം തീരുമാനപ്രകാരം നെല്ലിക്കുഴിൽ പണം ദുർവ്വിനിയോഗം ചെയ്യുന്നുവെന്നും പത്ര സമ്മേളനത്തിൽ ഇടതു നേതാക്കൾ ആരോപിച്ചു. കോതമംഗലം എ കെ ജി ഭവന് മുന്നിൽ നിന്നും പന്ത്രണ്ടാം തിയതി രാവിലെ പത്ത് മണിക്ക് ബഹുജന മാർച്ച് ആരംഭിക്കും. സി പി ഐ എം ജില്ല സെക്രട്ടിയേറ്റ് അംഗം ആർ അനിൽകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യും.
സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി , പി.ടി. ബെന്നി, എം.കെ.രാമചന്ദ്രൻ (സി.പി.ഐ), മനോജ് ഗോപി (ജനതാദൾ), ബാബു പോൾ (ജനാതിപത്യ കേരള കോൺഗ്രസ് ), ഷാജി പീച്ചക്കര (കേരള കോൺഗ്രസ് – സ്ക്കറിയ) , എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി എം കണ്ണൻ, ആഷ ജയിംസ് , കെ.കെ.ഗോപി,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് മെമ്പറുമായ അനു വിജയനാഥ്, എം.എ.മുഹമ്മദ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.