കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ ഇരു വശവും മനോഹരമായ ഉദ്യാനങ്ങൾ ആക്കുന്ന തിരക്കിലാണ് ഈ വയോധികൻ. പൂക്കളെയും, പൂന്തോട്ടങ്ങളെയും ഇഷ്ട്ടപെടുന്ന ചാക്കോച്ചന് തന്റെ വീടിരിക്കുന്ന ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് വീടിന്റെ മുന്നിലൂടെ പോകുന്ന പ്രധാന പാതയുടെ ഇരു വശത്തായി മനോഹരമായ പൂന്തോട്ടം നിർമിച്ചിരിക്കുകയാണ് ഇദ്ദേഹം . ഒരിക്കൽ പള്ളിയിൽ കുർബാനക്ക് പോയി മടങ്ങി വന്നപ്പോൾ ഭാര്യ അമ്മിണി പള്ളിയിൽ നിന്ന് കൊണ്ടു വന്ന ക്രോസ്മസ് പൂച്ചെടിയാണ് ഇപ്പോൾ വിത്ത് പാകി മുളച്ച് പരിസരം മുഴുവൻ പുഷ്‌പ്പിച്ച് നിൽക്കുന്നത്.
നന്നേ ചെറുപ്പം മുതൽ കഠിനധ്വാനിയായ ചാക്കോക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ലാതാനും.തെരുവിൽ മാലിന്യം വലിച്ചെറിയുന്നവർ നാണിക്കണം എന്ന് ഓര്മിപ്പിക്കുന്നതാണ് എൺപത്തഞ്ചാം വയസ്സിലെ ചാക്കോച്ചൻ ചേട്ടന്റെ ഈ പ്രവർത്തികൾ. വീടിനു സമീപവും, റോഡിനിരുവശവുമുള്ള പൊതു നിരത്തിലെ മാലിന്യം എല്ലാം നീക്കം ചെയ്ത് ഏകദേശം 200 മീറ്ററോളം ആണ് ഇങ്ങനെ പൂന്തോട്ടം ഇദ്ദേഹം ഒരിക്കിയിരിക്കുന്നത്. പുഷ്‌പ്പങ്ങളെ സ്നേഹിക്കുന്ന ഇദ്ദേഹം നെല്ലിമറ്റത്ത് തന്റെ വീടിനു മുന്നിൽ തീർത്ത പൂന്തോട്ടം വഴിയാത്രക്കാർ ആരും ആസ്വദിക്കാതെ പോകില്ല . മാത്രമല്ല ഇപ്പോൾ ഈ പൂക്കൾക്ക് ചുറ്റും വിവിധ വർണ്ണത്തിലുള്ള ചിത്ര ശലഭങ്ങളും, വണ്ടുകളും പാറി നടക്കുന്നു.
തെരുവിലേക്കു മാലിന്യം വലിച്ചെറിയുന്നവരോട് ഈ എൺപത്തിയഞ്ചുകാരനായ റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥന് ഒന്നേ പറയാനുള്ളു അരുത്… ഈ പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറക്കും കൂടി അവകാശപെട്ടതാണ്.