പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഡിസംബര്‍ 13 മുതല്‍ പഠനം നടത്തുന്നത്. പഠനത്തിന്‍റെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പത്തു ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1963ല്‍ നിര്‍മിച്ച പാലത്തിന് 13 സ്പാനുകളിലായി 411.48 മീറ്ററാണ് നീളം. പാലത്തിന്‍റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്‍റെ ബലം, വിവിധ ഘടകങ്ങള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ എന്നിവ സംബന്ധിച്ച് മൊബൈല്‍ ബ്രിഡ്ജ് ഇന്‍സ്പെക്ഷന്‍ യൂണിറ്റ് ഉപയോഗിച്ച് സമഗ്രമായ പഠനം നടത്തും.
പാലത്തിലൂടെ ഗതാഗതം നിരോധിക്കുന്ന വേളയില്‍ വാഹനങ്ങള്‍ തിരിച്ചു വിടുന്ന റൂട്ടുകളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹന്നാന്‍ എം.പി, എം.എല്‍.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി.എം.ജോണ്‍, അന്‍വർ സാദത്ത് എം.എല്‍.എ, സമീപ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, പോലീസ് എന്നിവര്‍ പങ്കെടുത്തു.
വിവിധ സ്കൂളുകളിൽ എക്സാം നടക്കുന്ന സാഹചര്യത്തിൽ കാലടിയിൽ നിർമാണം പൂർത്തിയാക്കി യിട്ടുള്ള റെയിൽവേ പാലം ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ താൽക്കാലികമായി എങ്കിലും തുറന്നു കൊടുത്താൽ പാലത്തിന് ഇരുവരു കരകളിലും ആയി സ്ഥിതി ചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതൊരു ആശ്വാസം ആയിരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ ആവശ്യപെട്ടു.
ശബരിമല സീസൺ ആയതിനാൽ ആളുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന എംസി റോഡിലെ പ്രധാന പാലമായ കാലടി ശ്രീശങ്കര പാലം അടക്കുന്നത് മൂലം ഒരുപാട് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ പ്രവർത്തികൾ അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നത് വേഗത്തിൽ ആക്കണമെന്നന്നും ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കാലടി പാലം അടക്കുമ്പോൾ യാത്രക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ വേണ്ടത്ര ദിശാ ബോർഡുകൾ പ്രധാന നിരത്തുകളിൽ സ്ഥാപിക്കണമെന്നും എൽദോസ് കുന്നപ്പിള്ളി എം എൽ എ ആവശ്യപെട്ടു.