മൂവാറ്റുപുഴ: മിണ്ടാപ്രാണികൾക്ക് കനിവിന്റെ ഉറവിടമാകുകയാണ് മുവാറ്റുപുഴയിലെ ദയ. മൃഗങ്ങൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ സംഘടനയാണ് മൂവാറ്റുപുഴയിലെ ദയ. പ്രകൃതി മനോഹരമായ മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദയയുടെ ആസ്ഥാനമായ വൽമീകത്തിൽ 38ഓളം നായകൾ ഉണ്ട്.അപകടത്തിൽ പരിക്കേറ്റവരും , കൈയും, കാലും നഷ്ട്ടപെട്ട നായകൾ, അലഞ്ഞ് തിരിഞ്ഞ് നടന്നവർ, ഉപേക്ഷിക്കപ്പെട്ടവർ അങ്ങനെ എല്ലാം കൂടി ചേർന്നാണ് ഇത്. മൂവാറ്റുപുഴക്കു പുറമെ പറവൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും ഈ സംഘടനക്ക് പ്രവർത്തകരുണ്ട്. അവരുടെ വീടുകളിൽ പാർപ്പിച്ചിരിക്കുന്ന നായകളുടെ എണ്ണം കൂടി എടുത്താൽ 72ൽ പരം വരും. മികച്ച ഭക്ഷണം നൽകിയാണ് ഇവരെ ദയ എന്ന സംഘടന വൽ മീകത്തിൽ പരിപാലിക്കുന്നത്.
രാവിലെ ബിസ്ക്കറ്റ്, ഡ്രൈ ഫുഡ് ഉച്ചക്ക് ചോറും, ചിക്കനും ചേർത്ത് പാകപ്പെടുത്തുന്ന ബിരിയാണി, വൈകിട്ട് ചോറ് ഇതെല്ലാമാണ് ഇവരുടെ മെനു വിവരങ്ങൾ. ഭക്ഷണം നൽകാനും, ഇവരുടെ താമസ സ്ഥലം ശുചികരിക്കുന്നതിനുംമറ്റും ചെലവിനായി മാസം 30,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. ഇരുപത് വർഷമായി മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മൃഗ ക്ഷേമ സംഘടനയാണിത്. മൃഗങ്ങളുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ നീളുന്ന കേസുകൾ ഈ സംഘടന നടത്തി കൈകാര്യം ചെയ്തു പോകുന്നു. മൃഗ പീഡനം നടന്നാൽ സമൂഹ മാധ്യമങ്ങളിൽ സഹിഷ്ണുത പങ്കിടുന്നതല്ലാതെ ഇവിടുള്ളവർ വേറെയൊന്നിനും മുതിരുന്നില്ലയെന്നും ദയ പ്രവർത്തകർ പറയുന്നു.
കർശന നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനൊപ്പം ഹോണററി സംവിധാനത്തിൽ മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക ടീം രൂപീകരിക്കണമെന്ന്
ദയമൃഗ ക്ഷേമ സംഘടനയുടെ സ്ഥാപക അംഗവും, കോ. ഓർഡിനേറ്റരുമായ അമ്പിളി പുരയ്ക്കൽ പറയുന്നു. സേവനവും, പണവും, സമയവും ഏറെ വേണ്ട ഈ പ്രവർത്തികൾക്ക് സന്നദ്ധ സേവനത്തിനുപോലും വ്യക്തികൾ വരുന്നില്ലയെന്ന് അമ്പിളി കൂട്ടിച്ചേർത്തു.