കോതമംഗലം :- കോതമംഗലത്ത് കൂടി കടന്ന് പോകുന്ന പുതിയ തിരുവനന്തപുരം അങ്കമാലി നാലുവരിപ്പാതയുടെ (ഗ്രീൻഫീൽഡ് ഇടനാഴി) ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.എം സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നാലുവരിപ്പാതയായി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികളും പാതയുടെ ഫൈനൽ അലൈൻമെന്റ് സംബന്ധിച്ചും ആന്റണി ജോൺ MLA ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോളാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പാതയുടെ കൃത്യമായ ദിശ സംബന്ധിച്ചും, കോതമംഗലം മണ്ഡലത്തിൽ കൂടി കടന്ന് പോകുന്ന പ്രദേശങ്ങൾ സംബന്ധിച്ചും,സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും MLA സഭയുടെ ശ്രദ്ധയിൽപെടുത്തി.
എം സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നാലുവരിയിൽ ഗ്രീൻഫീൽഡ് ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കലിന് 25 % തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.ദേശീയപാത അതോറിറ്റി പാതയുടെ അലൈൻമെന്റ് അഗീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം കൊട്ടാരക്കര,കോട്ടയം,അങ്കമാലി റോഡിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.കോതമംഗലം മണ്ഡലത്തിൽ കുട്ടമംഗലം,കോതമംഗലം,കീരംപാറ പിണ്ടിമന വില്ലേജുകളിലായി 22.1 കി മീ ദൂരത്തിലൂടെയാണ് പാത കടന്നു പോകുന്നത്.
നെടുമങ്ങാട്,അഞ്ചൽ,കോന്നിക്കോട്,പത്തനാപുരം,റാന്നി,ഭരണങ്ങാനം,കല്ലൂർക്കാട്,കോതമംഗലം,ചേരനല്ലൂർ ചന്ദ്ര പാറ തുറവൂർ, എയർ പോർട്ട് എന്നിങ്ങനെയാണ് പാതയുടെ ദിശ നിശ്ചയിച്ചിട്ടുള്ളത്.ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചും നഷ്ട പരിഹാര തുക സംബന്ധിച്ചും വിശദ വിവരങ്ങൾ കണക്കാക്കി വരുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ ആന്റണി ജോൺ MLA യെ അറിയിച്ചു.