കോതമംഗലം : കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ടൂറിസത്തിനു പ്രതീക്ഷയേകി കൊണ്ട് ഭൂതത്താൻകെട്ട് സജീവമാകുമ്പോൾ, ഭൂതത്താൻകെട്ടിലെ പ്രധാന ആകർഷണമായ വാച്ച് ടവർ തുറന്നു നൽകാതെ അധികൃതർ. ഭൂതത്താൻകെട്ടിൽ എത്തുന്ന ഏതൊരു സഞ്ചാരിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ് വാച്ച് ടവർ. ഡാമിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും, പെരിയാറിന്റെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ചിട്ടുള്ളതാണ് വാച്ച് ടവർ. രാവിലെയും വൈകുന്നേരങ്ങളിലും പുഴക്കക്കരെയുള്ള വന്യമൃഗങ്ങളെ കണ്ട് ആസ്വദിക്കുവാൻ ഏറ്റവും യോജ്യമായ ഇടമാണിത്.

പെരിയാർവാലിക്ക് ആണ് സംരക്ഷണ ചുമതലയും മേൽനോട്ടവും. കൊവിഡ് രണ്ടാം തരഗത്തിനുശേഷം നാളിതുവരെ വാച്ച്ടവർ തുറന്നു കൊടുക്കുവാനുള്ള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഏകദേശം അഞ്ച് നിലകൾ ആയിട്ടുള്ള വാച്ച് ടവറിന്റെ ചവിട്ടുപടികൾ എല്ലാം തന്നെ പായൽ പിടിച്ച് തെന്നി വീഴുന്ന അവസ്ഥയിലാണുള്ളത്.

ടൂറിസം കേന്ദ്രങ്ങൾ എല്ലാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കണമെന്ന് പറഞ്ഞിട്ടും വാച്ച് ടവർ തുറന്നു കൊടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികൃതർ. വാച്ച് ടവറിൽ കയറാനാകാതെ ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾ എല്ലാവരും തന്നെ നിരാശയോടെയാണ് മടങ്ങി പോകുന്നത്.



























































