കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ നെല്ലിക്കുഴി കനാൽ ബണ്ട് റോഡ് ഭാഗത്തു നിന്നും വിൽപനക്കായി കരുതിയിരുന്ന 150 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി റാണ എന്ന് വിളിക്കുന്ന റോയി സന്ദീപ് ശങ്കർ (56 വയസ്സ്) ആണ് പിടിയിലായത്. പ്രതി പ്രധാനമായും കോതമംഗലം നെല്ലിക്കുഴി ഭാഗങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് വിൽപന നടത്തിയിരുന്നത്.

സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ പല പല ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മാറി മാറി താമസിച്ചാണ് പ്രതി വിൽപന നടത്തിയിരുന്നത്. മുൻപും പല പ്രാവശ്യം പ്രതി കഞ്ചാവുമായി എക്‌സൈസ് പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പ്രസ്തുത പ്രദേശം കുറച്ചു നാളുകളായി എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ പി.പി.ഹസൈനാർ, അജി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി.ലിബു, എ.എം.കൃഷ്ണകുമാർ, കെ.എ.റസാഖ്, അമൽ റ്റി അലോഷ്യസ് എന്നിവരും ഉണ്ടായിരുന്നു.




























































