കോതമംഗലം: മുവാറ്റുപുഴയുടെ മുൻ എം എൽ എ എൽദോ എബ്രഹാം പോത്താനിക്കാട് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം യാതൃശ്ചികമായിട്ടാണ് പോത്താനിക്കാട് പാറേക്കാട്ട് വീട്ടിൽ തോമസിനെയും കുടുംബങ്ങളേയും കണ്ടു മുട്ടിയത്. വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ തോമസിന്റെ ഭാര്യ അനു പറഞ്ഞു മൂത്ത മകൾ എയ്ഞ്ചൽന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടെന്ന്.
സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ പൊരുതി നേടിയ ഏഞ്ചൽന്റെ ഈ വിജയം മിന്നും തിളക്കമുള്ളതാണെന്ന്, സാധാരക്കാരിൽ സാധാരണകാരനായ എൽദോയ്ക്ക് അറിയാം.
തോമസിന്റെയും, അനുവിന്റെയും മൂത്തമകളാണ് എയ്ഞ്ചൽ. വല്ലപ്പോഴും ഉള്ള കൂലിപ്പണിയും, തയ്യൽ യൂണിറ്റിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. മൂന്ന് പെൺമക്കൾ. എയ്ഞ്ചലിനു താഴെ എൽനയും എൽസയും.5 സെൻറ് സ്ഥലവും 300 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടും അടങ്ങിയ കൊച്ചു കുടുംബം. പരിമിതമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതി ഉന്നത വിജയം കരസ്ഥമാക്കിയ ആ കൊച്ചു മിടുക്കിയെ അഭിനന്ദനങ്ങൾ അറിയിച്ചു. കൊടുക്കാനായി എൽദോയുടെ കൈയിൽ പാരിതോഷികം ഒന്നും ഇല്ല. ആകെ ഉള്ളത് പോക്കറ്റിൽ കുത്തിയിരുന്ന
ഒരു പേന മാത്രം. മറ്റൊന്നും കൈവശമില്ല.,ഉടൻ ആ പേന കൈമാറി കൊടുത്തു കൊണ്ട് എയ്ഞ്ചലിനോട് എൽദോ ചോദിച്ചു എന്താണ് ആഗ്രഹം? ആരാകണം എന്ന് ? ആ
കൊച്ചുമോൾ പറഞ്ഞു പ്ലസ് ടു സയൻസ് എടുത്ത് പഠിക്കണം ശേഷം ഡോക്ടറാകാൻ പഠിക്കണം.എൽദോ നൽകിയ ആ പേന കയ്യിൽ ഒരു നിധി പോലെ മുറുകെ പിടിച്ചു കൊണ്ട് എയ്ഞ്ചൽ മറുപടി പറഞ്ഞു. ആഗ്രഹം സഫലമാ കട്ടെയെന്ന് ആശംസകൾ നേർന്ന് എൽദോ.
പാവപ്പെട്ടവന്റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകരുതെന്നും അവർ വലിയ സ്വപ്നങ്ങൾ കാണട്ടെയെന്നും യാഥാർഥ്യമാക്കാൻ സമൂഹം ഒപ്പം നിൽക്കണമെന്നും എൽദോ പറഞ്ഞു.പരിമിതിയുടെ അകത്തളങ്ങളിൽ നിന്ന് ഈ മക്കൾ കുതിച്ച് ഉയരും എന്നതിൽ സംശയം ഇല്ല. ഓൺലൈൻ പഠന കാലം ഏറെ ബാധിച്ചിട്ടുള്ളത് സാധാരണക്കാരന്റെ മക്കളെ തന്നെയാണ്. ഒരു ലക്കും ഇല്ലാതെ രക്ഷകർത്താക്കൾ ഓടി നടക്കുന്നു, കഷ്ടപ്പെടുന്നു. എയ്ഞ്ചൽ, എൽന, എൽസ മൂവരോടും നന്നായി പഠിക്കു എന്നും, എൽദോ ചേട്ടൻ ഒപ്പം ഉണ്ടെന്നും ഉറപ്പ് നൽകിയ ശേഷം വീണ്ടും വരും എന്ന് പറഞാണ് എൽദോ മടങ്ങിയത്.