കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ കവളങ്ങാട് പതിനാറാം വാർഡിൽ കവളങ്ങാട് കവലയിൽ സ്ഥിതി ചെയ്യുന്ന കിളിയേലിൽ ചിറയുടെ സംരക്ഷണഭിത്തി തകർന്നു. ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്തിന്റെ പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടി പുനരുദ്ധാരണ പ്രവർത്തനം നടത്തി പുതുക്കി പണിതീർത്ത പഞ്ചായത്ത് ചിറയുടെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുള്ളതായി അന്നേ പരാതി ഉയർന്നിരുന്നു. വേണ്ടത്ര വീതിയിൽ കരിങ്കൽ ഉപയോഗിക്കാതെയും പൊക്കത്തിനനുസരിച്ച് കമ്പി ഉപയോഗിച്ച് ബെൽറ്റ് കൊടുക്കാത്തതുമാണ് സംരക്ഷണഭിത്തിയുടെ തകർച്ചക്ക് കാരണമെന്നും നിർമ്മാണത്തിലെ വൻ അഴിമതിയാണ് ചിറ തകർന്നതിനു പിന്നിലെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) ആരോപിക്കുന്നത്.
കവളങ്ങാട് ലക്ഷം വീട് കോളനി, മൂന്ന് സെന്റ് കോളനികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിനാളുകൾക്ക് കടുത്ത വേനൽക്കാലത്ത് ഉപയോഗിക്കാനുള്ള ഏക പൊതുകുളമാണ് തകർന്നത്. കടവിനോട് ചേർന്നുള്ള പത്തടിയോളം പൊക്കമുള്ള കരിങ്കൽ കെട്ടാണ് നിലംപതിച്ചത്.ഈ സമയം കടവിൽ ആളുകൾ ഇല്ലാത്തത് ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. ഇനിയും ബാക്കി ഭാഗത്തെ സംരക്ഷണ കരിങ്കൽകെട്ടുകൾ വിണ്ട് പൊട്ടി ചിറയിലേക്ക് അപകടാവസ്ഥയിൽ തള്ളി നിൽക്കുന്നത് ഏത് സമയത്തും നിലംപൊത്തുന്ന അവസ്ഥയിലാണ്.
ആയതിനാൽ എത്രയും പെട്ടെന്ന് തകർന്ന പഞ്ചായത്ത് ചിറപുനർനിർമ്മിക്കണമെന്നും നിർമ്മാണത്തിലെ അഴിമതി അന്വഷിക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപിയും ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയും ചിറ സന്ദർശിച്ച ശേഷം ആവശ്യപ്പെട്ടു.