കോതമംഗലം : ഊന്നുകൽ -തൊടുപുഴ റോഡ് പൂർണ്ണമായി തകർന്നു. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ട് കുഴികളിൽ വാഹനയാത്രക്കാർ വീണ് ഗുരുതര പരിക്ക് പറ്റുന്നത് നിത്യസംഭവം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഊന്നുകൽ ജനകീയ കൂട്ടായ്മ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാർ, അടിമാലി പ്രദേശത്ത് നിന്ന് തൊടുപുഴയെത്താൻ എറണാകുളം ജില്ലയുടെ ഭാഗമായ നേര്യമംഗലം ഊന്നുകൽ പ്രദേശത്ത് നിന്ന് തുടങ്ങി രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ തിരക്കേറിയ റോഡാണ് ഊന്നുകൽ -തൊടുപുഴ സംസ്ഥാന ഹൈവേ റോഡ്. എന്നാൽ അടുത്ത കാലത്തായി ഹൈവേ മാറ്റി പി.ഡബ്ല്യു.ഡി.ഏറ്റെടുത്തെന്നും പറയുന്നുണ്ട്.
നാളിതുവരെയായിട്ടും റോഡ് നന്നാക്കാൻ അധികാരികൾ തയ്യാറല്ല. നിരവധി വാഹനാപകടങ്ങൾ റോഡിലെ കുഴികളിൽ വീണ് സംഭവിക്കുന്നത്.ഇതിൽ പ്രതിക്ഷേധിച്ചാണ് ജനം സമരരംഗത്തിറങ്ങിയത്.ഊന്നുകൽ ജനകീയ കൂട്ടായ്മ നടത്തിയ പ്രതിക്ഷേധ സമരം എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി കുഴികളിൽ വാഴനട്ട് ഉദ്ഘാടനം ചെയ്തു.പ്രതിക്ഷേധ സമരത്തിൽ സിജു എം.കെ., ജിജോ ഇല്ലത്ത് കുടി, ഷിജു വെള്ളിപ്പന, തോമസുകുട്ടി മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.