കോതമംഗലം: പ്രകൃതി ഒരു പാഠ പുസ്തകമാണ്. വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിൽ ആണ് മനുഷ്യരുടെ നിലനിൽപ്പ്. വൈവിധ്യം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പൊതു ജനങ്ങളിലേക്ക് ഈ അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാതയോരം പാർക്കിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി ജ്യോതിഷ് സ്വാഗതവും ട്രെയിനർ എൽദോ പോൾ നന്ദിയും പറഞ്ഞു. പാർക്കിലേക്കായി ഏകദേശം നൂറോളം വ്യത്യസ്ത നിറത്തിലും ഇനത്തിലുംപെട്ട ചെമ്പരത്തികൾ ശേഖരിക്കുകയും ബി ആർ സിയുടെ സമീപത്തുള്ള ഏകദേശം 200 മീറ്ററോളം വരുന്ന പാതയോരത്ത് അവ വച്ചു പിടിപ്പിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മാനസികോല്ലാസം സാധ്യമാക്കുക, ശാസ്ത്രപഠനം പരിസരബന്ധിതമാക്കുക,വിവിധ തരത്തിലുള്ള സസ്യജാലങ്ങൾ, പക്ഷി മൃഗാദികൾ ഇവ ജീവിക്കുന്ന ചുറ്റുപാടുകൾ എന്നിവയെ സംബന്ധിച്ച അറിവ് സമ്പാദിക്കുക എന്നിവ ഇതിലൂടെ സാധ്യമാകുന്നു. നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി സൗന്ദര്യത്തെ തിരിച്ചു പിടിക്കുന്നതോടൊപ്പം മണ്ണും മനുഷ്യനും കാലാവസ്ഥയും ജീവനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന പ്രകൃതി പാഠങ്ങൾ പകരാൻ ഉതകുന്നവയാണ് ഇത്തരത്തിലുള്ള പാർക്കുകൾ.
ഡി പി സി ഉഷാ മാനാട്ട്, ഡി പി ഓ മഞ്ജു,ലിസി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മേരി പീറ്റർ(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി),ലത ഷാജി(വാർഡ് മെമ്പർ, പിണ്ടിമന ഗ്രാമ പഞ്ചായത്ത്),എസ് എം അലിയാർ(മുൻ BPC,വാർഡ് മെമ്പർ പിണ്ടിമന ഗ്രാമ പഞ്ചായത്ത്), ഷാജി ചാക്കോ(സീനിയർ സൂപ്രണ്ട് എ ഇ ഓ ഇൻ – ചാർജ്),ഷിജി ഡേവിഡ്, അനീഷ് തങ്കപ്പൻ,ക്ലസ്റ്റർ കോഡിനേറ്റർമാർ,റിസോഴ്സ് അധ്യാപകർ,സ്പെഷലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.