കോതമംഗലം: നെല്ലിക്കുഴി സൗന്ദര്യവത്ക്കരണത്തിൻ്റെ മറവിൽ മണ്ണ് കൊള്ളയെന്ന് ആരോപണം. ആലുവ – മൂന്നാർ റോഡിൽ നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലാണ് പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള പുറംമ്പോക്കുകളിലെയും റോഡരികിലെയും മാലിന്യം നീക്കം ചെയ്യുന്നതിൻ്റെ മറവിൽ നൂറ് കണക്കിന് ലോഡ് മണ്ണാണ് നീക്കം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് കടത്ത് നടന്നിട്ടുള്ളത് എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.
ഒരു ലോഡ് മണ്ണിന് 2500 രൂപയിലധികം ഈടാകുന്ന കാലത്ത് 5000 രൂപയ്ക്കാണ് മണ്ണ് നീക്കത്തിന് അനുമതി നൽകിയിരിക്കുന്നതെന്നുള്ള വിവരവും പുറത്തുവരുന്നു. മാലിന്യം നിറഞ്ഞ മണ്ണ് ജനപ്രതിനിധിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം നികത്തിയെടുക്കുന്നതിനാണ് ഉപയാേഗിച്ചിരിക്കുന്നതെന്നറിയുന്നു. മാലിന്യം നീക്കം ചെയ്യുന്നതിൻ്റെ മറവിൽ നടക്കുന്ന മണ്ണ് കടത്തിന് റവന്യൂ – പോലീസ് അധികാരികളുടെ ഒത്താശയുമുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.