കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ സ്നേഹ പൂർവ്വം വിളിക്കുന്ന ഈ പെൺ നായ വീട് കാവലിന് പുറമെ വീട്ടുകാരെ രാവിലെ എഴുന്നേൽപ്പിക്കുന്നതും, വാർത്തയുടെ ലോകത്തേക്ക് കൂട്ടികൊണ്ട്പോകുന്നതും എല്ലാം ഇവളാണ്. രാവിലെ പത്രക്കാരൻ മുറ്റത്തു ഇട്ടിട്ടു പോകുന്ന ദിനപത്രം എടുത്തു വീട്ടിൽ കൊണ്ടു പോയി ഗൃഹനാഥനായ സെബാസ്റ്റിന് നൽകും. സെബാസ്റ്റിന്റെയും വീട്ടുകാരുടെയും പത്ര വായനക്ക് ശേഷം അവര് പത്രം മടക്കേണ്ട താമസമേയുള്ളു അയൽ വാസിയായ ഷാജിയുടെ വീട്ടിലേക്ക് റൂബി പത്രവുമായി വച്ചു പിടിക്കും. രണ്ടു മാസമായി ഇതാണ് അവളുടെ പ്രഭാത ദിനചര്യ. പത്രം കൊടുത്തിട്ട് തിരികെ വീട്ടിലേക്ക്. തിരികെ എത്തിയാൽ പിന്നെ സെബാസ്ററ്യനുമായും വീട്ടുകാരുമായും ചങ്ങാത്തം കൂടലായി.
അതിന്റെ ഇടയിൽ പ്ലസ് ടു വിദ്യാർത്ഥിയായ സെബാസ്റ്റിന്റെ മൂത്ത മകൻ സെബിനും , ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകൾ സ്‌നേഹയും എഴുനേൽക്കാൻ വൈകിയാൽ അവരെ എഴുന്നേല്പിക്കും. മൂക്ക് കൊണ്ട് കുത്തി കുത്തി യാണ് റൂബി അവരെ എഴുന്നേൽപ്പിക്കുന്നത്. അടുക്കള ജോലിയിൽ വ്യാവൃതയായിരിക്കുന്ന സെബാസ്റ്റിന്റെ ഭാര്യയുമായും, അമ്മയുമായും എപ്പോഴും വലിയ ചങ്ങാത്തമാണ്. അതിന് കാരണം മറ്റൊന്നുമല്ല നല്ല ഭക്ഷണം റൂബിക്ക് കിട്ടണമെങ്കിൽ അവര് കനിയണമല്ലോ. ഒരു വർഷം മുൻപ് വഴിയിൽ നിന്ന് കിട്ടിയ ഈ നായ ഇന്ന് ഇവരുടെ എല്ലാം എല്ലാമാണ്. ഈ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞു. കുട്ടമ്പുഴ ഇലവുങ്കൽ വീട്ടിലെ റൂബി എന്ന ഈ നായ വീട്ടുകാർക്കും, നാട്ടുകാർക്കും ഒരു കൗതുകമായി മാറിയിരിക്കുകയാണ്. പരസ്പരം പങ്കുവെക്കലിന്റെയും, സഹകരണത്തിന്റെയും, കരുതലിന്റെയും പുതിയൊരു നല്ല പാഠം പഠിപ്പിക്കുകയാണ് റൂബി.