കോതമംഗലം : മലയാളികൾ പലരും ആദ്യമായി സ്വന്തമാക്കിയ ഇരുചക്ര വാഹനം ഒരു പക്ഷെ സൈക്കിൾ ആയിരിക്കും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞ് സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ ഒരു മങ്ങിയ ഓർമകൾ പലർക്കും കാണാം. ഇന്ന് വിവിധ തരത്തിൽ വില കൂടിയ സൈക്കിൾ വിപണിയിൽ ലഭ്യമാണ്. സവാരി ചെയ്യാൻ മാത്രമല്ല, വ്യായാമത്തിനും, മത്സരങ്ങൾക്കും ഒക്കെ ഈ ഇരു ചക്ര വാഹനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൈക്കിൾനെ ജീവ വായു പോലെ സ്നേഹിച്ചു കൂടെ കൊണ്ടു നടക്കുന്ന ഒരു പതിനേഴുകാരൻ “പയ്യനുണ്ട്” കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്ത്. മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ ബേസിൽ പോളിന് സൈക്കിൾഎന്നാൽ സവാരിക്കുള്ള വാഹനം മാത്രമല്ല . മറിച് സാഹസിക പ്രകടനം നടത്താനും കൂടിയുള്ള വാഹനമാണ്. യുവക്കളുടെ ഇടയിൽ ഹരമായ എം ടി ബി ഫ്രീ സ്റ്റൈൽ അഭ്യാസിയാണ് ബേസിൽ.
തന്റെ കൊച്ചു സൈക്കിളിൽ കേറി നിന്നും, കൈവിട്ടും, മുൻ വശത്തെ ചക്രം പൊക്കിയും, കാലുകൾ പൊക്കിയും ഒക്കെ യുള്ള സാഹസിക അഭ്യാസ പ്രകടനങ്ങൾ ആരേയും ആവേശത്തിൽ ആറാടിക്കുക മാത്രമല്ല ഒന്ന് അമ്പരപ്പിക്കുകകൂടി ചെയ്യും. അത്രയ്ക്ക് കൈമെയ് വഴക്കത്തോടെയാണ് ഈ കുട്ടി അഭ്യാസിയുടെ അതി സാഹസിക പ്രകടനം. മൂന്നു വർഷമായി ഇങ്ങനെ സൈക്കിളിൽ സാഹസിക പ്രകടനം നടത്തുവാൻ തുടങ്ങിയിട്ടെന്ന് ബേസിൽ പറയുന്നു. പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമേകി എം. എ. കോളേജിലെ ബി. കോം വിദ്യാർത്ഥിയായ ചേട്ടൻ സാം പോൾ കട്ടക്ക് കൂടെയുണ്ട്താനും.
നിരവധി സൈക്കിൾ കടകളുടെയും, മോട്ടോർ ബൈക്ക് ഷോ റൂമുകളുടെയും ഉദ്ഘാടനത്തിനു ഈ കുട്ടി അഭ്യാസിയുടെ പ്രകടങ്ങൾ ഉണ്ടാകാറുണ്ട്. സ്കൂൾ, കോളേജ് മേളകൾക്കു ബേസിലിന്റെ തകർപ്പൻ പ്രകടനം അരങ്ങേറാറുണ്ട്.കോതമംഗലം ഇലെക്ട്രിസിറ്റി ബോർഡിലെ ഓവർസിയർ സബ് സ്റ്റേഷൻ പടി കുന്നത്ത് പോൾസൺന്റെയും, ജിനിയുടെയും രണ്ടാമത്തെ മകനാണ് സൈക്കിളിൽ ആരെയും വിസ്മയിപ്പിക്കുന്ന സാഹസിക പ്രകടനങ്ങൾ നടത്തുന്നത്.
