കോതമംഗലം : നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഏപ്രിൽ 27 മുതൽ വയോ വൃദ്ധയായ അമ്മയോടും കണ്ണ് കാണാത്ത ഭാര്യയോടും രണ്ടു പെൺമക്കളോടും ഒപ്പം രോഗിയായ ഗ്രഹനാഥനടക്കം ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ നിർബന്ധിതമായിരിക്കുന്നു. കോതമംഗലം ചെറുവട്ടൂർ രാജേഷ് നിലയത്തിൽ രാജേഷും കുടുംബവുമാണ് ഈ ദാരുണമായ ദുരവസ്ത്ഥയിലേക്ക് നീങ്ങുന്നത്. കീരംപാറ കുരിശുംപടി ഭാഗത്ത് താമസിക്കുന്ന ജിന്റോ വർക്കി എന്നയാൾ കശുവണ്ടി ഫാക്ടറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ ബാധ്യത വരുത്തി വെച്ചുവെന്നതാണ് ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടതിന്റെ കാരണം എന്ന് രാജേഷ് പറയുന്നു.
രാജേഷിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പതു സെന്റ് സ്ഥലത്ത് കമ്പനി തുടങ്ങിയാൽ പാർട്ണർ ഷിപ്പും പ്രതിമാസം മുപ്പതിനായിരം രൂപയും കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ജിന്റോയുമായി ചേർന്ന് കമ്പനി തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട് രാജേഷിന്റെ ബന്ധുവായ ബിജോയിയും ജിന്റോയുടെ ഇടവക വികാരിയായിരുന്ന ഫാ. ജോസ് അമ്പലമുകളേലും രാജേഷിനു ഉറപ്പ് കൊടുത്തു. കമ്പനിയുടെ പേരിൽ ലോൺ എടുത്താൽ മൂന്ന് വർഷം കൊണ്ട് മുപ്പത്തിയഞ്ച് ശതമാനം തുക സബ്സിഡി കിട്ടുമെന്നും വായ്പ തുക മൂന്ന് വർഷം കൊണ്ട് അടച്ചു തീർക്കാമെന്നും ജിന്റോ വർക്കി വിശ്വസിപ്പിച്ച സഹചര്യത്തിൽ “മിൽട്ടൺ കാഷ്യൂസ് ” എന്ന പേരിൽ കമ്പനി തുടങ്ങി. തുടർന്ന് അർബൻ സഹകരണ ബാങ്കിൽ നിന്നും നാൽപ്പത് ലക്ഷം രൂപ ലോണിന് അപേക്ഷിച്ചു.
ലോൺ കിട്ടുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കശുവണ്ടി സ്റ്റോക്ക് ചെയ്യാനെന്ന പേരിൽ എട്ട് ലക്ഷം രൂപയും രാജേഷിന്റെ ബന്ധുവിൽ നിന്നും വായ്പ്പയായും ജിന്റോ കൈവശപ്പെടുത്തി. ലോൺ കിട്ടിയപ്പോഴും വായ്പ്പ വാങ്ങിയ തുക തിരിച്ച് നൽകാൻ ജിന്റോ തയ്യാറായില്ല.മധ്യസ്ഥൻ മുഖേന പണം വാങ്ങാൻ ശ്രമിച്ചപ്പോൾ പണം നൽകാമെന്ന് പറഞ്ഞു സമ്മതിച്ചതല്ലാതെ ഒരു രൂപ പോലും തിരികെ നൽകിയില്ലെന്ന് രാജേഷ് പറയുന്നു. കോതമംഗലം മാർക്കന്റൈൻ ബാങ്കിൽ നിന്നും ഇത് കൂടാതെ കെട്ടിടം പണിക്കെന്ന പേരിൽ ഒന്നര ലക്ഷം രൂപ വേറെയും ജിന്റോ കൈപ്പറ്റിയിരുന്നു.
കമ്പനി തുടങ്ങി മൂന്ന് മാസത്തിനകം കമ്പനിയിൽ സൂക്ഷിച്ചിരുന്ന രേഖകളുമായി ജിന്റോ മുങ്ങി. ഇതിനിടയിൽ മൂവാറ്റുപുഴ എസ്.എം.എൽ ഫൈൻസിൽ നിന്നും ലോണായി ഇന്നോവ കാറും, മുത്തൂറ്റ് വെഹിക്കിൾസ് അസെറ്റ് ഫൈനാന്സിൽ നിന്നും അഞ്ച് ലക്ഷം രൂപയും മുബൈയിലെ ലെൻഡിങ് കെർട്ട് ഫൈനാൻസിൽ നിന്നും രണ്ടു ലക്ഷം രൂപയും രാജേഷിന്റെ വ്യാജ ഒപ്പിട്ട് ജിന്റോ വർക്കി കൈപ്പറ്റി. പങ്കാളിത്ത വ്യവസ്ത്ഥയിൽ തുടങ്ങിയ കമ്പനിയിൽ നിന്നും പ്രതിമാസം മുപ്പതിനായിരം രൂപ വീതം നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും രാജേഷിനു നല്കിയില്ല. എന്നാൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും വാടകക്കെടുത്ത വാഹനങ്ങൾ പൊളിച്ചു കൊടുത്ത കേസിൽ 2019ൽ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി രാജേഷിനു ബോധ്യമായി.
തുടർന്ന് രണ്ടായിരത്തി ഇരുപത് ഫെബ്രുവരി മൂന്നിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂൺ പതിനേഴിന് കോതമംഗലം പൊലിസ് സ്റ്റേഷനിൽ മറ്റൊരു പരാതി കൊടുത്തു. അതിലും നടപടി ഉണ്ടായില്ല. തുടർന്ന് ഒക്ടോബർ ഒന്നിന് കോതമംഗലം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ക്രൈം 1718/2020,U /s 419,420,468,471,506(ii)IPC പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.ഇപ്പോൾ അൻപത് സെന്റ് സ്ഥലം മാത്രമല്ല ജിന്റോ വാങ്ങി കൂട്ടിയ കടങ്ങളുടെ ബാധ്യതയും രാജേഷിന്റെ ചുമലിൽ ആയി. ഈ സാഹചര്യത്തിൽ മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിൽ ഒടുവിലത്തെ ആശ്രയമെന്ന നിലയിലാണ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള സത്യാഗ്രഹ സമരമെന്ന് രാജേഷ് പ്രസ് മീറ്റിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.