കോതമംഗലം : വർഗീസിന് മണ്ണെന്നാൽ പൊന്നാണ്. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകനാണ് കോതമംഗലം തൃക്കാരിയൂർ കളപ്പുരക്കുടി വർഗീസ്, വീടും പുരയിടവും കൂടി 5 സെന്റ് സ്ഥലമേ ഉള്ളു. ഈ 5 സെന്റ് ഭൂമിയിൽ വീടു കഴിച്ചു ബാക്കി സ്ഥലത്ത് മിയാവോക്കി മാതൃകയിലാണ് കൃഷി. നിരവധിയായ ഫലവൃക്ഷങ്ങൾ ഈ അമ്പതുകാരന്റെ പുരയിടത്തിൽ വിളയുന്നുണ്ട്. റെഡ് ലേഡി പപ്പായ, മിറക്കൽ ഫ്രൂട്ട്, ചെറുനാരകം, കിലോ പേര, സ്റ്റോബറി പേര, ബുഷ് ഓറഞ്ച് വ്യൂഡ് ആപ്പിൾ, ചെറി പഴം, പാഷൻ ഫ്രൂട്ട്, കിളി ഞാവൽ, മാക്കൊട്ട ദേവ, എന്നിങ്ങനെ നീണ്ടു പോകുന്നു ഫല വൃക്ഷങ്ങളുടെ നിര.
കഴിഞ്ഞ ലോകപരിസ്ഥിതിദിനത്തിൽ വിവിധ ഇനങ്ങളിൽപ്പെട്ട 250 ഓളം ഫല വൃഷ തൈകൾ സൗജന്യമായ് വർഗീസ് വിതരണം ചെയ്തു മാതൃകകാട്ടി. ഭാര്യ അനുമോളും, അമ്മയും അടങ്ങുന്ന ചെറിയ കുടുംബം. തൃക്കാരിയൂർ, തുളു ശേരി കവലയിലെ തന്റെ അഞ്ചു സെന്റ് സ്ഥലത്തു ഒരു പുത്തൻ കാർഷിക സംസ്കാരത്തിനാണ് വർഗീസ് തുടക്കം കുറിച്ചിരിക്കുന്നത്.