കവളങ്ങാട്: നെല്ലിമറ്റം പുലിയന്‍പാറയിലെ ടാര്‍ മിക്സിംഗ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിനാളുകള്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിലെത്തി. കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. അടച്ചിട്ടിരിക്കുന്ന പുലിയന്‍പാറ കത്തോലിക്ക പള്ളി തുറക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും സമരത്തിന്‍റെ ആവശ്യമായിരുന്നു. ജനവാസമേഖലയില്‍ പള്ളിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിഷപ്പ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ വ്യക്തമാക്കി. പുലിയൻപാറ ഗ്രാമത്തിന്റെ ശാന്തതയെയും സൗന്ദര്യത്തെയും ഹനിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കണമെന്ന് ധർണ്ണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. മിക്സിങ് യൂണിറ്റിൽ നിന്നും ഉയരുന്ന പുകയും ദുർഗന്ധവും വലിയ ശബ്ദവും നാടിന്റെ സൗന്ദര്യത്തെയും സമാധാനത്തെയും ദോഷകരമായി ബാധിച്ചിരിക്കുന്നു.
പുലയൻപാറ കത്തോലിക്കാ ദേവാലയത്തിന് 38 മീറ്റർ അകലെ പ്രവർത്തിക്കുന്ന ഈ മിക്സിങ് യൂണിറ്റ് അവിടുത്തെ തിരുക്കർമ്മങ്ങൾ നടത്തുവാൻ തടസ്സമാവുകയും, അയൽവീടുകളിൽ താമസിക്കുന്ന പ്രായമായവരുടെയും കുട്ടികളുടെയും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. നാടിനെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മിക്സിങ് യൂണിറ്റുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ത് മാനദണ്ഡത്തിൽ ആണ് അനുമതി നൽകിയതെന്നും, അഗ്നിശമനസേന പോലുള്ളവയുടെ സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമാണോ യൂണിറ്റിന്റ പ്രവർത്തനം നടക്കുന്നത് എന്നും ഇവയ്ക്കെതിരെ കർശനമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നു.