കോതമംഗലം : കല അത് ദൈവത്തിന്റെ വരദാനമാണ്.ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച് ജീവിതം വരക്കുകയാണ്. വരകളിൽ വർണ്ണം ചാലിച്ച് ക്യാൻവാസുകളിലൂടെ നടന്നു കയറുകയാണ് ഈ പെൺകുട്ടി . കൈകളില്ലെങ്കിലും എനിക്ക് കാലുകൾ തന്നെ ധാരാളം എന്ന് തെളിയിച്ച് , മിഴിവാർന്ന നിരവധി ചിത്രങ്ങളാണ് തന്റെ കാൽ വിരലുകൾ കൊണ്ട് ചായം ചാലിച്ച് സ്വപ്ന മനോഹരമാക്കിയിരിക്കുന്നത്.പൈങ്ങോട്ടൂർ കൊച്ചുമുട്ടം പരേതനായ അഗസ്റ്റിന്റെയും, സോഫിയുടെയും 4 മക്കളിൽ മൂത്തയാളാണ് സ്വപ്ന. ചെങ്ങനാശ്ശേരിയിലും, ആലപ്പുഴയിലും ആയിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡെന്നി മാത്യു എന്നാ ചിത്രകല അധ്യാപകനാണ് തന്നെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടു വന്നതെന്ന് സ്വപ്ന പറയുന്നു.
ലോകത്തിൽ വായകൊണ്ടും, കാൽ വിരലുകൾ കൊണ്ടും ചിത്രങ്ങൾ വരയ്ക്കുന്ന വരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മൌത്ത് ആൻഡ് ഫുട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഓഫ് ദി വേൾഡ് (എ എം എഫ് പി എ )എന്ന സംഘടനയിൽ അംഗമാണ് സ്വപ്ന. കേരളത്തിൽ നിന്നു 9പേരാണ് ഇതിൽ അംഗമായിട്ടുള്ളത്. ലോകത്തിലെ 70 രാജ്യങ്ങളിൽ നിന്ന് ഏകദേശം 700 ഓളം കലാകാരമാരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളതെന്ന് സ്വപ്ന പറഞ്ഞു.മദർ തെരേസ, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം എന്നി വരുൾപെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തന്റെ ക്യാൻവാസിൽ സ്വപ്ന പകർത്തിയിട്ടുണ്ട്.