കോതമംഗലം: ആയക്കാട് – കോട്ടപ്പടി റോഡിന്റെ ഭാഗമായ അമ്പലം പടി ഭാഗത്ത് ദീർഘ വീക്ഷണം ഇല്ലാതെ പണിയുന്ന കാന നിർമ്മാണമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. പൊതുവരെ വീതികുറവായ ഈ മേഖലയിൽ ഇപ്പോൾ നിലവിലുള്ള റോഡിൽ തന്നെ കാന പണിയുന്നത് ടാർ റോഡിന്റെ വീതി കുറയുവാൻ ഇടയാക്കുമെന്നും, നിരവധി തവണ അപകടം നടന്ന എവിടെ ഇനിയും വാഹനാപകടങ്ങൾ തുടർക്കഥയാകുവാനാണ് സാധ്യതയെന്നും വാഹനയാത്രികർ പരാതിപ്പെടുന്നു.
ആയക്കാട് ഭാഗത്തുനിന്നും വരുന്ന ഒരു കാർ യാത്രികന് ആദ്യം ദേവസം ബോർഡ് സ്കൂളിന് മുൻപിലുള്ള ഇടുങ്ങിയ കഴുത്തു പോലെയുള്ള റോഡിലൂടെ കടന്ന ശേഷം, പാടം കഴിഞ്ഞുള്ള വളവിൽ എതിർഭാഗത്തുനിന്നും ഒരു ഭാര വാഹനം വരുകയാണെങ്കിൽ അപകടത്തിൽ പെടാതെ കടന്ന് പോകുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. ആ റോഡിൽ ആണ് ഇപ്പോൾ കൂടുതൽ വീതി എടുക്കാതെ ഉള്ള റോഡിൽ തന്നെ കാന ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിലെ വളവുകൾ നിവർത്താതെയും വീതി കുറവുള്ള സ്ഥലങ്ങളിൽ ഭൂമിയേറ്റെടുത്ത് റോഡിന്റെ വീതി കൂട്ടാതെയും, ഒരു കിലോമീറ്റർ റോഡിന് ഒരു കോടിയോളം രൂപ മുടക്കി പണിയുന്ന നവീകരണ പ്രവർത്തനങ്ങൾകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല എന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ട് ജനങ്ങൾക്ക് സുഖമമായി സഞ്ചരിക്കുവാൻ ഉതകുന്ന തരത്തിലുള്ള റോഡ് വികസനം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദീർഘ വീക്ഷണത്തോടുകൂടിയും, വാഹന അപകടങ്ങൾ ഒഴുവാക്കുന്ന രീതിയിലും, ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് സുഖമമായി കടന്ന് പോകുവാൻ തക്ക രീതിയിൽ കാന പണിയും റോഡ് നവീകരണ പ്രവർത്തനങ്ങളും നടത്തണമെന്നും, അല്ലെങ്കിൽ ഈ നവീകരണപ്രവർത്തങ്ങൾകൊണ്ട് വാഹനയാത്രക്കാർക്ക് യാതൊരുപ്രയോജനവും ലഭിക്കുകയും ഇല്ലെന്നും വിലയിരുത്തപ്പെടുന്നു.