കോതമംഗലം: സാധാരണക്കാരായ പൊതുജനങ്ങൾ യാത്രകൾക്കായി ആശ്രയിക്കുന്ന വാഹനമാണല്ലോ ആനവണ്ടികൾ എന്ന പേരിൽ അറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി.ബസുകൾ. ഈ കെ.എസ്.ആർ.ടി.സി.ബസുകൾ ഇപ്പോൾ നവീകരണത്തിൻ്റെ പാതയിലാണ്. കെ.എസ്. ആർ.ടി.സിയെ പുനരുദ്ധരണം ചെയ്യാൻ നൂതന ആശയങ്ങളുമായിട്ട് ഒരു ഭാഗത്ത് സി.എം.ഡി.ബിജൂ പ്രഭാകർ തുനിഞ്ഞു ഇറങ്ങുബോൾ മറുഭാഗത്ത് കെടുകാര്യസ്ഥത വിട്ട് ഒഴിയുന്നുമില്ല. അതിനുദാഹരണമാണ് കട്ടപ്പുറത്തായ ഈ ലോ ഫ്ലോർ നോൺ എ സി ബസുകൾ. ഇത്തരത്തിൽകോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിരവധി ബസുകളാണ് സ്പയർ പാർട് സിൻ്റ അഭാവത്തിലും, അനാസ്ഥ മൂലവും മറ്റും കട്ടപ്പുറത്തിരുന്ന് തുരുമ്പുപിടിച്ച്, കാടുകയറിയും നശിച്ചുപോയി കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മുതലുകളാണ് പിടിപ്പുകേടുകൊണ്ട് മാത്രം നശിച്ചുപോകുന്നത്.
ഒരു വശത്ത് എം.ഡിയുടെ നേതൃത്വത്തിൽ ബോണ്ട് സർവ്വിസുകൾ ഇറക്കിയും, ബൈപാസ് റൈഡറുകൾ ഓടിച്ചും ഒക്കെയായി കെ.എസ്.ആർ.ടി.സി.യെ പ്രതാപത്തിൽ എത്തിക്കുവാൻ ശ്രമിക്കുബോൾ ആണ് അതിനു മങ്ങൽ ഏൽപ്പിക്കുന്ന രീതിയിൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യാണ്ടി വരുന്നത്. കെ.എസ്.ആർ.ടി.സി.മൂന്നാറിൽ ആരംഭിച്ച രണ്ടു പദ്ധതികളും വൻ വിജയം കണ്ടു. അതിൽ ഒന്ന് ആനവണ്ടിയിൽ രാപാർക്കുന്നതും, മറ്റൊന്ന് ചുരുങ്ങിയ ചിലവിൽ ആന വണ്ടിയിൽ മൂന്നാറിൽ ചുറ്റിയടിക്കലും ആയിരുന്നു. മികച്ച പ്രതികരണമാണ് ഇവക്കു രണ്ടിനും ലഭിച്ചു കൊണ്ടിരിക്കുന്നത് .
കെഎസ്ആർടിസി സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതലാണ് ആരംഭിച്ചത്. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം ഉണ്ട്. , കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യവും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക് എന്നുള്ളതും സഞ്ചാരികളെ ആകർഷിക്കുന്നു . അങ്ങനെ നഷ്ടത്തിലേക്കു കുപ്പുകുത്തിയ ആന വണ്ടികൾ കര കയറുന്നതിനിടയിലാണ് നോട്ടക്കുറവുമൂലം സർവീസുകൾ മുടങ്ങി കട്ടപ്പുറത്തിരിക്കേണ്ട ഗതികേടുവരുന്നത്. ഇത്തവണത്തെ കേരള ബഡ്ജറ്റും കെ എസ് ആർ ടി സിക്ക് ഏറേ പ്രതിക്ഷക്കു വക നൽകുന്നതുമാണ്. കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതികൾക്കും പ്രോത്സാഹനവും കരുത്തുമാണ് സംസ്ഥാന ബഡ്ജറ്റ്. പ്രതിസന്ധികളിൽ നിന്നും നേട്ടങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതും.ഇങ്ങനെയൊക്കെ ആണെന്നിരിക്കിയാണ് ചില ഡിപ്പോകളിൽ നോട്ടക്കുറവുമൂലം ബസുകൾ നശിച്ചു പോയിക്കൊണ്ടിരിക്കുന്നത്.