കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11 കോടി 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി . ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു. ഹാച്ചറിയുടെ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും രണ്ടാം ഘട്ട പ്രവർത്തനങ്ങളെ സംബന്ധിച്ചും ആന്റണി ജോൺ MLA ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഹാച്ചറിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം വേഗത്തിൽ സാധ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു. കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് മത്സ്യ കുഞ്ഞുങ്ങളെ പരിപാലിച്ച് വിൽപന നടത്തി വരുന്നതായും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഹാച്ചറി ബിൽഡിംഗ്, ഫീഡ് മിൽ പ്ലാന്റ്, 8 നഴ്സറി പോണ്ടുകൾ , ഒരു റിയറിംഗ് പോണ്ട് , ഒരു ബ്രൂഡ് സ്റ്റോക്ക് പോണ്ട്, എന്നീ പ്രവർത്തികൾക്കായി 308. 35051 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ നടപ്പിലാക്കി എന്നും, നാളിതു വരെ 20 ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ പരിപാലിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നും 12 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ റിയറിംഗിനായി നിലവിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹാച്ചറിയിൽ രണ്ടാംഘട്ടമായി 11.20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഇതിന്നു വേണ്ടിയുള്ള ഭരണാനുമതി നൽകിയതായി മന്ത്രി അറിയിച്ചു.
രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഓവർ ഹെഡ് വാട്ടർ ടാങ്ക്, ബ്രൂഡ് സ്റ്റോക്ക് പോണ്ട് , റിയറിംഗ് പോണ്ട് , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, ചുറ്റുമതിൽ, ഇലക്ട്രിഫിക്കേഷൻ അടക്കമുള്ള പ്രവർത്തികളാണ് നടപ്പിലാക്കുന്നതെന്നും ഇതിന്റെ സങ്കേതിക അനുമതി ലഭ്യമാക്കി 18 മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഹാച്ചറി പൂർണ്ണ തോതിലുള്ള മത്സ്യോൽപ്പാതനത്തിന് സജ്ജമാക്കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.