കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്.ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. ഇടത് മുന്നണിയിൽ കവളങ്ങാട് പഞ്ചായത്തിൽ എൽ.ജെ.ഡി.രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം ഘടകം പരിഗണിക്കാമെന്ന് ഉറപ്പ് എൽ.ജെ.ഡി.ക്ക് നൽകിയെങ്കിലും കവളങ്ങാട് എൽ.ഡി.എഫ്. ഘടകം പൂർണ്ണമായി തഴയുകയായിരുന്നു. ഇതിനെ തുടർന്ന് ഘടകകക്ഷിയായ എൽ.ജെ.ഡി.പ്രചരണരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും. കവളങ്ങാട് പഞ്ചായത്തിലെ വാർഡ് പതിനെട്ട് മാരമംഗലം ഡിവിഷനിൽ പാർട്ടി ചിഹ്നമായ മൺകലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷാമോൻ കാസിമിനെയും നേര്യമംഗലം വാർഡ് എട്ടിലും വാർഡ് പതിനൊന്നിലും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ജിസ്മഹനീഫ, ജിൻസിയ ബിജു എന്നിവരെ പിന്തുണക്കാനും തീരുമാനിച്ചു. ഈ മൂന്ന് വാർഡുകളിലും എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ തോറ്റു.
ശക്തമായ ത്രികോണ മത്സരം നടന്ന വാർഡ് 18 ൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ജയിച്ചതാകട്ടെകേവലം ഏഴ് വോട്ടുകൾക്കും.വാർഡ് പതിമൂന്നിൽ തേങ്കോട് കേവലം നാല് വോട്ടുകൾക്കും വാർഡ് പതിനഞ്ചിൽ വെറും ഇരുപതിൽ താഴെ വോട്ടുകൾക്കുമാണ് എൽ.ഡി.എഫ്. തോറ്റത്. കവളങ്ങാട് പഞ്ചായത്തിലെ കക്ഷി നില എൽ.ഡി.എഫ്. എട്ട്, യു.ഡി.എഫ്.ഒൻപത്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ്. എൽ.ജെ.ഡി.ക്ക് മാന്യമായ പരിഗണന നൽകിയിരുന്നെങ്കിൽ മൂന്ന് സീറ്റുകൾ എൽ.ഡി.എഫിന് കൂടുതലായി പിടിച്ചെടുക്കാൻ കഴിയുമായിരുന്നു എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.