കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.8 കോടി രൂപ മുടക്കി നവീകരിക്കുന്ന ഓ പി നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് ബ്ലഡ് സ്‌റ്റോറേജ്,ലാബ് നവീകരണം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,പുതിയ ചുറ്റുമതിൽ നിർമ്മിച്ച് പുതിയ പ്രവേശന കവാടം,കോമ്പൗണ്ടിനകത്ത് ചെടികൾ വച്ച് പിടിപ്പിച്ച് മനോഹരമായ പൂന്തോട്ടം, നിലവിലുള്ള ഓ പി പുതുക്കി നിർമ്മിക്കും.
ഫാർമസിയിലും,ലാബിലും, ഓ പി യിലും വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനു വേണ്ടി വെയിറ്റിങ്ങ് ഏരിയ,ഓ പി റൂമുകൾ പുതുക്കി പണിയുന്നതിനോടൊപ്പം തന്നെ പുതിയ ഓ പി റൂമുകൾ നിർമ്മിക്കും.നിലവിലുള്ള ഓ പി ടൈൽ വിരിച്ച് പെയ്ന്റിങ്ങ് ചെയ്ത് മനോഹരമാക്കും.ആശുപത്രി കെട്ടിടത്തിൽ റി വയറിങ്ങ് പ്രവർത്തികൾ നടത്തും.ലാബ് സെന്ററുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തിൽ മോഡിഫൈ ചെയ്തും,ഓ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ള സൗകര്യവും,ടിവി അടക്കമുള്ള വിനോദ സൗകര്യങ്ങളും ഏർപ്പെടുത്തും.
ആശുപത്രിയിൽ ഇപ്പോൾ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യ ഇൻഷുറൻസ് കൗണ്ടർ താഴത്തെ നിലയിലേക്ക് കൊണ്ടു വരും.ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഓ പി കളിലേക്കും,ലാബ് എക്സറേ തുടങ്ങിയ സ്ഥലങ്ങളിലേക്കും എത്തിച്ചേരുന്നതിന് സഹായകരമായി തീരുന്ന തരത്തിൽ ഫലകങ്ങളിൽ എഴുതി സൈൻ ബോർഡുകൾ സ്ഥാപിക്കും.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ മുടക്കി ക്യാഷ്വാലിറ്റി, ഡയാലിസിസ് യൂണിറ്റിൻ്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ കിഫ്ബിയിൽ നിന്നും ഇൻ്റൻസീവ് കെയർ യൂണിറ്റ്,ഒഫ്താൽമോളജി തിയറ്റർ സംവിധാനം എന്നിവ ഒരുക്കുന്നതിനു വേണ്ടി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.