കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം മൂന്നാർ റൂട്ടിൽ കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ വെള്ളാമകുത്ത് പാലത്തിനു സമീപത്തെ തോടിനു സമീപമുള്ള ദേശീയപാതയോര സൈഡിലും സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടമുൾപ്പെടെയുള്ള പറമ്പുകളിലേക്കും കഴിഞ്ഞ അർദ്ധരാത്രിയിൽ വൻതോതിൽ കക്കൂസ് മാലിന്യവും വിഷാംശമുളള ദ്രാവകരൂപത്തിലുള്ള കമ്പനി വേസ്റ്റുകളും തള്ളിയതായി നാട്ടുകാർ ഊന്നുകൽ പോലീസിൽ പരാതി നൽകി.തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിക്ഷേധവുമായിരംഗത്ത് എത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണയാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതു മൂലം സമീപ പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ട് .മഴ പെയ്താൽ ഈ കക്കൂസ് മാലിന്യ മുൾപ്പെടെയുള്ളതും വിഷ രാസ പതാർത്ഥങ്ങളും വെള്ളാമക്കുത്ത് തോട്ടിൽ പതിക്കുന്നു. ഇതു മൂലം തേങ്കോട്, പരീക്കണ്ണി, കൂറ്റം വേലി, മണിക്കിണർ, കുടമുണ്ട കോഴിപ്പിള്ളി പ്രദേശത്ത് കൂടി കടന്നു പോകുന്ന പരീക്കണ്ണി- കോതമംഗലം പുഴയിലെ വെള്ളം കുടിക്കുവാനും കുളിക്കുവാനുമുപയോഗിക്കുന്ന ആയിരക്കണക്കിനാളുകളുടെ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കോഴിപ്പിള്ളി പുഴയോരത്തെ വാട്ടർ അതോറിറ്റി കുടിവെള്ള പമ്പ് പദ്ധതി പ്രകാരം കോതമംഗലം നഗരത്തിലുൾപ്പെടെ ഏക ആശ്രയമായിട്ടുള്ള പുഴ വെള്ളം മലിനമായതിനെതിരെ പ്രതിക്ഷേധം ശക്തമാണ്. മാലിന്യം സ്ഥിരമായി ഈ പ്രദേശത്ത് തള്ളുന്നവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകി ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.